എസ് ജയ്ശങ്കർ സൗദിയിൽ; വിദേശകാര്യമന്ത്രിയെന്ന നിലയിലുള്ള ആദ്യ ഗൾഫ് പര്യടനം
text_fieldsജിദ്ദ: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സൗദിയിലെത്തി. വിദേശകാര്യമന്ത്രിയെന്ന നിലയിൽ ജയ്ശങ്കറിന്റെ ആദ്യ ഗൾഫ് പര്യടനമാണിത്. നൂപുർ ശർമയുടെ വിവാദ പ്രവാചക നിന്ദ പരാമർശത്തിനു ശേഷം ആദ്യമായാണ് ബി.ജെ.പി നേതാക്കൾ മുസ്‍ലിം രാഷ്ട്രങ്ങളിൽ സന്ദർശനത്തിന് എത്തുന്നത്. അദ്ദേഹം ശനിയാഴ്ചയാണ് സൗദി തലസ്ഥാനമായ റിയാദിലെത്തിയത്.
നൂപുർ ശർമയുടെ പരാമർശം കടുത്ത മതനിന്ദയാണെന്നും മതവിശ്വാസികളെ അപമാനിക്കലാണെന്നും ഇക്കഴിഞ്ഞ ജൂണിൽ സൗദി കുറ്റപ്പെടുത്തിയിരുന്നു. എല്ലാ മതങ്ങളെയും ഒരുപോലെ കാണണമെന്നും ബഹുമാനിക്കണമെന്നും സൗദി ആവശ്യപ്പെടുകയും ചെയ്തു. നൂപുർ ശർമയുടെ പ്രവാചക നിന്ദയിൽ ശക്തമായ എതിർപ്പ് അറിയിച്ച 16 രാജ്യങ്ങളിൽ സൗദിയുമുണ്ടായിരുന്നു.
ശർമയെ പിന്നീട് ബി.ജെ.പി നേതൃത്വം സസ്‍പെൻഡ് ചെയ്തു. ഇതേ പരാമർശം നടത്തിയ ബി.ജെ.പി ഡൽഹി മീഡിയ മേധാവി നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയെ തുടർന്ന് താറുമാറായ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് ജയ്ശങ്കറിന്റെ സന്ദർശനം. രാഷ്ട്രീയ വിഷയങ്ങൾ, സുരക്ഷ, സാമൂഹിക-സാംസ്കാരിക ബന്ധം, പ്രതിരോധ സഹകരണം എന്നീ നാല് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യ-സൗദി സ്ട്രാറ്റജിക് പങ്കാളിത്തം. സൗദിയിലെ ഇന്ത്യൻ പ്രതിനിധികളുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.