മന്മോഹന് സിങ്ങിനെ അപമാനിക്കാൻ മോദി ശ്രമിച്ചിട്ടില്ലെന്ന് ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കും എതിരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പാക് ബന്ധ ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ പാർലമെൻറിൽ. മൻമോഹൻ സിങ്ങിെൻയും ഹാമിദ് അൻസാരിയുടെയും രാജ്യത്തോടുള്ള പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ പ്രസ്താവിച്ചു. മന്ത്രിയുടെ പ്രസ്താവനയിൽ തൃപ്തി പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പ്രധാനമന്ത്രിയുടെ അന്തസ്സ് കെടുത്തുന്ന രീതിയിൽ ഏതെങ്കിലും നേതാവ് നടത്തിയ പ്രസ്താവനയിൽനിന്ന് തങ്ങൾ അകലം പാലിക്കുന്നുവെന്നും വിശദീകരിച്ചു. ഇതോടെ ശീതകാല സമ്മേളനം ആരംഭിച്ചശേഷം ആദ്യ ഒരാഴ്ച വിഷയത്തിൽ സഭ സ്തംഭിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിന് വിരാമമായി.
പാർലമെൻറ് സമ്മേളനം ആരംഭിച്ചത് മുതൽ ഇരുസഭകളിലും പ്രധാനമന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിക്കുകയും നടപടികൾ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മാപ്പു പറയുകയോ വിശദീകരണം നൽകുകയോ ചെയ്യില്ലെന്ന നിലപാടിലായിരുന്നു ഭരണപക്ഷം. എന്നാൽ ഭരണ- പ്രതിപക്ഷത്തുനിന്ന് നാല് മുതിർന്ന നേതാക്കൾ മുൻകൈ എടുത്ത് നടത്തിയ നീക്കമാണ് പ്രതിപക്ഷവുമായി സമവായത്തിൽ എത്താൻ കേന്ദ്ര സർക്കാറിനെ സഹായിച്ചത്.
‘പ്രസംഗത്തിൽ പ്രധാനമന്ത്രി ഇൗ രാജ്യത്തോടുള്ള മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറയോ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെയോ പ്രതിബദ്ധതയെ ചോദ്യംചെയ്യുകയോ അതിന് ഉദ്ദേശിക്കുകയോ ഉണ്ടായിട്ടില്ല. അങ്ങനെ കരുതുന്നത് തെറ്റാണ്. ഇൗ നേതാക്കളെ ഞങ്ങൾ വലിയ തോതിൽ വിലമതിക്കുന്നു’- അരുൺ ജെയ്റ്റ്ലി പറഞ്ഞു.
കേന്ദ്ര മന്ത്രിയുടെ മറുപടിയിൽ തൃപ്തനാണെന്ന് പറഞ്ഞ ഗുലാംനബി ആസാദ്, തർക്കവിഷയത്തിൽ വിശദീകരണം നടത്തിയതിന് സഭാ നേതാവിനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പിനിടെ കോൺഗ്രസിലെ ഏെതങ്കിലുമൊരു അംഗം പ്രധാനമന്ത്രിയുടെ അന്തസ്സ് കെടുത്തുന്ന തരത്തിൽ എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിൽനിന്ന് അകലം പാലിക്കുന്നുവെന്ന് പാർട്ടിക്കുവേണ്ടി ഞാനും അറിയിക്കുന്നു’- ആസാദ് പറഞ്ഞു. ബുധനാഴ്ചയും വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾ ലോക്സഭ, രാജ്യസഭ നടപടികൾ സ്തംഭിപ്പിച്ചിരുന്നു.
പ്രശ്നപരിഹാരത്തിനായി കഴിഞ്ഞ ആഴ്ചയാണ് നീക്കങ്ങൾ തുടങ്ങിയത്. കേന്ദ്ര മന്ത്രി വിജയ് ഗോയൽ ഇതിെൻറ ഭാഗമായി ഡോ. മൻമോഹൻ സിങ്ങിനെ കണ്ട് മോദിയുടെ പ്രസംഗത്തിൽ വിശദീകരണം നൽകി. ശേഷം വിശദീകരണ പ്രസ്താവന തയാറാക്കി. അരുൺ ജെയ്റ്റ്ലിയുടെ അനുമതിയോടെ കോൺഗ്രസ് നേതാക്കളുടെ അടുത്ത് എത്തിച്ചുവെങ്കിലും ഗുലാംനബി ആസാദും ആനന്ദ് ശർമയും അതിനോട് വിയോജിച്ചു. ശനിയാഴ്ച അരുൺ ജെയ്റ്റ്ലിയും ഗോയലും സമവായ ചർച്ചക്കായി ഗുലാംനബി ആസാദിെൻറ വസതിയിലെത്തി. ആനന്ദ് ശർമയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രസ്താവന തയാറാക്കി. എന്നാൽ ബുധനാഴ്ച രാവിലെ പ്രസ്താവനയിലെ ഒരു വാക്കിനെ ചൊല്ലി ഇരുഭാഗത്തുനിന്നും വിയോജിപ്പ് വന്നതോടെ പ്രശ്നം നീണ്ടുപോകുമെന്ന ആശങ്ക ഉയർന്നു. എന്നാൽ പ്രശ്നം പരിഹരിക്കണമെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു ഇരുപക്ഷം നേതാക്കളോടും ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.