700 കള്ളപ്പണക്കാർക്കെതിരെ ജെയ്റ്റ്ലി നടപടിയെടുത്തില്ല –യശ്വന്ത് സിൻഹ
text_fieldsന്യൂഡൽഹി: 700 കള്ളപ്പണക്കാരുടെ പേരുകൾ ലഭിച്ചിട്ടും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി നടപടിയൊന്നുമെടുത്തില്ലെന്നും കള്ളപ്പണത്തിെൻറ വിഷയത്തിൽ അദ്ദേഹം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുൻ ധനമന്ത്രി യശ്വന്ത് സിൻഹ.
പാനമ പേപ്പറുകളെ തുടർന്ന് പാകിസ്താൻ പ്രധാനമന്ത്രിക്ക് രാജിവെക്കേണ്ടി വന്നിട്ടും അതേ പേപ്പറിൽ ഇന്ത്യയിലൊരു നടപടിയുമുണ്ടായില്ലെന്നും സിൻഹ കുറ്റപ്പെടുത്തി. സമ്പദ്ഘടനയുടെ തകർച്ച ചൂണ്ടിക്കാണിച്ചതിന് വ്യക്തിപരമായി വിമർശനം നടത്തിയ ജെയ്റ്റ്ലിക്കെതിരെ കടുത്ത മറുപടിയാണ് സിൻഹ വെള്ളിയാഴ്ച നൽകിയത്. മൂന്നു വർഷം മുമ്പ് എച്ച്.എസ്.ബി.സി ബാങ്ക് വിദേശത്ത് അക്കൗണ്ടുള്ള 700 കള്ളപ്പണക്കാരുടെ പേരുകൾ കൈമാറിയിട്ട് െജയ്റ്റ്ലി അവർക്കെതിരെ വല്ല നടപടിയും സ്വീകരിച്ചോ എന്ന് സിൻഹ ചോദിച്ചു.
പാനമ പേപ്പറുകളെ തുടർന്ന് പാകിസ്താൻ പ്രധാനമന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. എന്നാൽ, ഇന്ത്യയിൽ ഒരു നടപടിയും ഉണ്ടായില്ല. ജെയ്റ്റ്ലിയുടെ വ്യക്തി വിമർശനത്തിനെതിരെ പരസ്യവിമർശനം നടത്തിയ മുൻ ധനമന്ത്രി യശ്വന്ത് സിൻഹ ഒരു ലോക്സഭ തെരഞ്ഞെടുപ്പും ജയിക്കാൻ കഴിയാത്തവരാണ് തന്നെ ആക്രമിക്കുന്നതെന്ന് തിരിച്ചടിച്ചു. 80 വയസ്സുകാരനായ ഒരു തൊഴിൽ അപേക്ഷകനായിരുന്നു താനെങ്കിൽ ജെയ്റ്റ്ലി ഇന്ന് ധനമന്ത്രാലയത്തിലുണ്ടാകുമായിരുന്നില്ല -സിൻഹ കൂട്ടിച്ചേർത്തു.
80 വയസ്സുകാരനായ തൊഴിൽ അപേക്ഷകനാണ് സിൻഹയെന്ന് ജെയ്റ്റ്ലി പരിഹസിച്ചിരുന്നു. കോൺഗ്രസ് നേതാവ് പി. ചിദംബരത്തിനൊത്ത് തുള്ളുകയാണ് സിൻഹയെന്നും ജെയ്റ്റ്ലി ആരോപിച്ചിരുന്നു. ചിദംബരം തെൻറ സുഹൃത്തല്ലെന്നും മറിച്ച് ജെയ്റ്റ്ലിയുടെ സുഹൃത്താണെന്നും സിൻഹ മറുപടി നൽകി. തെൻറ പശ്ചാത്തലം ജെയ്റ്റ്ലി മനസ്സിലാക്കിയിട്ടില്ല. രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനെ തുടർന്ന് നിരവധി പ്രയാസങ്ങൾ നേരിട്ടയാളാണ് ഞാൻ. വിരമിക്കാൻ 12 വർഷമുള്ളപ്പോൾ െഎ.എ.എസ് രാജിവെച്ചു. രാഷ്ട്രീയത്തിൽ പ്രവേശിച്ചശേഷം മത്സരിക്കാനുള്ള മണ്ഡലം താൻ കണ്ടെത്തുകയായിരുന്നു. ഒരു ലോക്സഭാ മണ്ഡലം കണ്ടെത്താൻ താൻ 25 വർഷമെടുത്തിട്ടില്ലെന്ന് സിൻഹ ജെയ്റ്റ്ലിയെ പരിഹസിച്ചു. ലോക്സഭ ജീവിതത്തിലൊരിക്കലും കാണാത്തവരാണ് തന്നെ ചോദ്യംചെയ്യുന്നത്. 2014ലെ മോദി തരംഗത്തിൽ പഞ്ചാബിലെ അമൃത്സറിൽനിന്ന് ലോക്സഭയിലേക്ക് നടത്തിയ കന്നിയങ്കത്തിൽ ജെയ്റ്റ്ലി പരാജയപ്പെട്ടിരുന്നു.
വ്യക്തിപരമായ ആക്രമണങ്ങൾ നടത്തരുതെന്ന മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയുടെ മുന്നറിയിപ്പ് ഒാർമിപ്പിച്ച സിൻഹ ധനമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും പറഞ്ഞു. അതിനിടെ, താൻ പിതാവിനെതിരെ എഴുതിയ ലേഖനം തെൻറ നിലപാടാണെന്ന് കേന്ദ്ര സിവിൽ വ്യോമയാന സഹമന്ത്രിയും യശ്വന്ത് സിൻഹയുടെ മകനുമായ ജയന്ത് സിൻഹ വ്യക്തമാക്കി. തന്നോട് പിതാവിനെതിരെ ലേഖനമെഴുതാൻ ബി.ജെ.പി ആവശ്യപ്പെെട്ടന്ന ആരോപണം ജയന്ത് നിഷേധിച്ചു. തെൻറ സ്വന്തം ബോധ്യമാണ് എഴുതിയതെന്നും ഇൗ വിഷയത്തിൽ പിതാവുമായി കടുത്ത അഭിപ്രായഭിന്നതയുണ്ടെന്നും ജയന്ത് പറഞ്ഞു. രാജ്യത്തിെൻറ സമ്പദ്ഘടനയുടെ ഭാവിയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ച വ്യക്തിപരമായി കാണരുതെന്നും ജയന്ത് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.