ജൽഗാവ് ട്രെയിൻ അപകടം: മരണം 13 ആയി
text_fieldsജൽഗാവ് (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ബുധനാഴ്ചയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. പരിക്കേറ്റ നിരവധി പേർ ആശുപത്രിയിലാണ്. പുഷ്പക് എക്‌സ്‌പ്രസിൽ തീ ഉയരുന്നതു കണ്ട് പരിഭ്രാന്തരായ യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടിയതിനെ തുടർന്ന് തൊട്ടടുത്ത ട്രാക്കിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബംഗളൂരു എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.
ലക്നോവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു പുഷ്പക് എക്‌സ്‌പ്രസ്. ഒരു കോച്ചിൽ തീപിടുത്തമുണ്ടായെന്ന് യാക്ക്രാർ വിളിച്ചു പറഞ്ഞതാണ് പരിഭ്രാന്തി പരത്തിയത്. മഹാരാഷ്ട്രയിലെ മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടയിൽ വെച്ച് ആണ് ബോഗിയിൽ തീപ്പിടിത്തമുണ്ടായതായി അഭ്യൂഹങ്ങൾ പടർന്നത്. ട്രെയിൻ നിർത്താൻ ചിലർ എമർജൻസി ചെയിൻ വലിച്ചു. തുടർന്ന് യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടി തൊട്ടടുത്ത ട്രാക്കിൽ ഇറങ്ങിയപ്പോൾ എതിർദിശയിൽ നിന്ന് വന്ന ബംഗളൂരു എക്‌സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു.
എന്നാൽ കോച്ചിനുള്ളിൽ തീപ്പൊരിയോ തീയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, കൃത്യമായ മരണസംഖ്യയും പരിക്കേറ്റവരുടെ അവസ്ഥയും പരിശോധിക്കുകയാണെന്നും അധികൃതർ സ്ഥിരീകരിച്ചു. പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തകരും ഉൾപ്പെടെ മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി. ഭൂസാവലിലെ ഡിവിഷണൽ റെയിൽവേ മാനേജർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.