ജാലിയൻ വാലാബാഗ്; കൂട്ടക്കൊലയുടെ ഒരു നൂറ്റാണ്ട്
text_fieldsബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന ഇന്ത്യയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ നേതൃത്വ ത്തിൽ നടന്ന സ്വാതന്ത്ര്യസമരത്തിെൻറ വിവിധ സമരഭൂമികകളിൽ ഒന്നാണ് പഞ്ചാബിലെ ജാലിയൻ വാലാബാഗിലെ മനുഷ്യരക്തം വീണുകുതിർന്ന മണ്ണ്. 1919 മാർച്ച് 18ന് ബ്രിട്ടീഷ് സർക്കാർ പാസാക്കിയ റൗലത്ത് ആക്ട് ഭാരതീയർക്ക് അനുസരിക്കാനോ അനുകൂലിക്കാനോ കഴിയാത്ത ഒന്നായിരുന്നു. റൗലത്ത് ആക്ട് പ്രകാരം വിചാരണ കൂടാതെ ആരെയും എത്രകാലം വരെയും ജയിലിൽ പാർപ്പിക്കാം. അതായത്, ഒരാളെ അയാളുടെ മരണംവരെയും ജയിലിൽ പാർപ്പിക്കാം എന്നർഥം.
പ്രതിഷേധത്തിെൻറ കൊടുങ്കാറ്റ്
റൗലത്ത് ആക്ടിൽ പ്രതിഷേധിച്ച് ഏപ്രിൽ ആറിന് ഇന്ത്യയിലാകെ കരിദിനമാചരിക്കുകയുണ്ടായി. അക്കാലത്ത് പഞ്ചാബിലെ ഗവർണർ മൈക്കിൾ ഒ. ഡയർ ആയിരുന്നു. ക്രൂരനായ ഭരണാധികാരിയായിരുന്നു ഇൗ ബ്രിട്ടീഷുകാരൻ. ഡോ. സെയ്ഫുദ്ദീൻ കിച്ലുവിനെയും സത്യപാലിനെയും പഞ്ചാബിൽനിന്നു പുറത്താക്കി. ഗാന്ധിജിയെ പഞ്ചാബിൽ കടക്കുന്നതിനുമുമ്പ് അറസ്റ്റുചെയ്തു. ഡോ. കിച്ലുവിനെയും സത്യപാലിനെയും മോചിപ്പിക്കാൻവേണ്ടി നാൽപതിനായിരത്തോളം വരുന്ന ജനക്കൂട്ടം ഡെപ്യൂട്ടി കമീഷണറുടെ വസതിയിലേക്ക് മാർച്ച് ചെയ്തു.
കൂട്ടക്കുരുതി
1919 ഏപ്രിൽ 13. അന്ന് വൈശാഖി ദിനമായിരുന്നു. പഞ്ചാബിലെ കൊയ്ത്തുത്സവദിനം. പ്രതിഷേധയോഗ സ്ഥലമായ ജാലിയൻ വാലാബാഗിലേക്ക് നിരവധിയാളുകൾ ഒഴുകിയെത്തി. നാലു ഭാഗവും കെട്ടിടങ്ങൾക്കു നടുവിലുള്ള വിശാലമായ മൈതാനമാണ് ജാലിയൻ വാലാബാഗ്. മൈതാനത്തിനു ചുറ്റും ഉയർന്ന മതിൽക്കെട്ടുമുണ്ടായിരുന്നു. അകത്തേക്കും പുറത്തേക്കും കടക്കാൻ ഒരു ചെറിയ ഗേറ്റുമാത്രമേ ഉണ്ടായിരുന്നുള്ളു.
പ്രതിഷേധയോഗം തനിക്കെതിരാണെന്നു കരുതിയ ജനറൽ ഡയർ സൈന്യവുമായി മൈതാനത്തേക്കു വന്ന് ജനക്കൂട്ടത്തെ വളഞ്ഞു. പുറത്തേക്കുള്ള വഴി തടഞ്ഞുനിന്നിരുന്ന സൈന്യത്തോട് ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ ഡയർ ആജ്ഞാപിച്ചു. 10 മിനിറ്റ് തുടർച്ചയായി 1650 റൗണ്ട് വെടിവെച്ചു. രക്ഷപ്പെടാനാവാതെ ആയിരത്തിലധികം പേർ മൈതാനത്ത് മരിച്ചുവീണു. വെടിയുണ്ടകൾ തീർന്നുപോയതുകൊണ്ടാണ് കൂട്ടക്കൊല അവസാനിച്ചത്.
ദൃക്സാക്ഷി വിവരണം
പഞ്ചാബ് ചേംബർ ഒാഫ് കോമേഴ്സ് ഡെപ്യൂട്ടി ചെയർമാനായിരുന്ന ഗിർദ്ധാരിലാൽ, ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുേമ്പാൾ തൊട്ടടുത്ത കെട്ടിടത്തിെൻറ മട്ടുപ്പാവിലുണ്ടായിരുന്നു. ബൈനോക്കുലറിലൂടെ അദ്ദേഹം ലോകത്തെ ഞെട്ടിച്ച ആ ദാരുണ സംഭവം കണ്ടു.
പിന്നീട്, അദ്ദേഹം കോൺഗ്രസ് കമ്മിറ്റിക്കു മുമ്പാകെ നൽകിയ മൊഴി ഇങ്ങനെയാണ്: ‘‘നൂറുകണക്കിനാളുകൾ ആ സ്ഥലത്തുതന്നെ മരിച്ചുവീഴുന്നതു ഞാൻ കണ്ടു. പുറത്തുകടക്കാൻ ആകെക്കൂടി നാലഞ്ചു ചെറിയ പഴുതുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആളുകൾ പ്രാണൻ രക്ഷിക്കാൻ പലായനം ചെയ്യുന്ന ആ പഴുതുകളെ ലാക്കാക്കിയായിരുന്നു വെടിയുണ്ടകൾ മുഴുവൻ വർഷിച്ചത്.
ഗ്രൗണ്ടിൽ നീണ്ടുനിവർന്നുകിടന്നവരെക്കൂടി വെടിവെച്ചു. ഞാൻ ആ സ്ഥലം മുഴുവൻ ചുറ്റിനടന്ന് മരിച്ചുകിടക്കുന്നവരെ നിരീക്ഷിച്ചു. തലയിൽ, കണ്ണിൽ, മൂക്കിൽ, നെഞ്ചിൽ, കൈയിൽ, കാലിൽ എല്ലാം വെടിയേറ്റവരുണ്ട്. ഏതാണ്ട് ആയിരത്തിലധികം മൃതശരീരങ്ങൾ ഞാൻ സന്ദർശിച്ചുകാണും. പ്രവേശനദ്വാരത്തിനു സമീപമായിരുന്നു മൃതശരീരങ്ങളിലധികവും. ചുറ്റുപാടുമുള്ള ഗ്രാമങ്ങളിൽനിന്ന് വൈശാഖി ആഘോഷിക്കാനെത്തിയവരായിരുന്നു മരിച്ചവരിലധികവും.’’
പട്ടാളനിയമം
പട്ടാളനിയമത്തിെൻറ കാഠിന്യം വിവരണാതീതമായിരുന്നു. ഇന്ത്യയിൽ ഒാടുന്ന തീവണ്ടികളിൽ ഇന്ത്യക്കാർക്കു സഞ്ചാരനിരോധനം ഏർപ്പെടുത്തി. രണ്ടിലധികം പേർ ഒരുമിച്ച് റോഡിലൂടെ നടക്കാൻ പാടില്ല. എല്ലാ സൈക്കിളുകളും പട്ടാളം കൊണ്ടുപോയി. വെള്ളം, വൈദ്യുതി വിതരണം എന്നിവ വിച്ഛേദിച്ചു. വാക്കിങ് സ്റ്റിക്കുകൾ, ലാത്തികൾ, എന്തിന് കൗതുകത്തിനുള്ള വടികൾപോലും അധികാരികൾക്കു മുന്നിൽ അടിയറവെക്കപ്പെട്ടു.
വിചിത്രമായ ശിക്ഷ
ഡോ. മിസ് മാഴ്സ്യഷേർ വുഡ് കൈയേറ്റം ചെയ്യപ്പെട്ട സ്ഥലത്തുകൂടെ ഏത് ഇന്ത്യക്കാരൻ പോയാലും ചാട്ടവാറടിക്ക് വിധേയനാകും. മാത്രമല്ല, അതുവഴി കടന്നുപോകുന്ന എല്ലാ ഇന്ത്യക്കാരും ഏകദേശം 150 വാര ദൂരം വയറിൽ ഇഴഞ്ഞുപോകണം. ഇഴഞ്ഞുപോകുേമ്പാൾ വേദനിച്ച് തലയോ കാൽമുേട്ടാ ഇടക്ക് പൊക്കിപ്പോയാൽ അതിനുള്ള ശിക്ഷ വേറെ കിട്ടും. അതിലൂടെ കടന്നുപോകുന്ന എല്ലാ ബ്രിട്ടീഷുകാരെയും ഇഴഞ്ഞുപോകുന്നവർ സലാം വെക്കുകയും വേണം.
ഉദ്ദംസിങ്ങിെൻറ ശപഥം
ജാലിയൻ വാലാബാഗിൽ നടന്ന കൂട്ടക്കൊലയുടെ ഭീകരദൃശ്യങ്ങൾ കണ്ട ഉദ്ദംസിങ് എന്ന ചെറുപ്പക്കാരന് മറക്കാനാവാത്ത അനുഭവമായി. അതിനു പ്രതികാരം ചെയ്യണമെന്ന് അയാൾ തീർച്ചപ്പെടുത്തി. ഇംഗ്ലണ്ടിലേക്കു പോയ ജനറൽ ഡയറിനെയും ഗവർണർ ഒ. ഡയറിനെയും കൊല്ലണമെന്നായിരുന്നു അയാളുടെ തീരുമാനം.
കഠിനമായി അധ്വാനിച്ച് യാത്രക്കുള്ള പണം സ്വരൂപിച്ച് ഉദ്ദംസിങ് ഇംഗ്ലണ്ടിലെത്തിയെങ്കിലും 1927 ജൂലൈ 23ന് ജനറൽ ഡയർ അസുഖംമൂലം മരിച്ചിരുന്നു. 1940 ഏപ്രിൽ 13ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ 21ാം വാർഷികദിനത്തിൽ ലണ്ടനിലെ കാക്സ്റ്റൺ ഹാളിനു പുറത്തുവെച്ച് ഉദ്ദംസിങ് കൈത്തോക്കുപയോഗിച്ച് ഒ. ഡയറെ വെടിവെച്ചുകൊന്നു.
കോടതിയിൽ ഉദ്ദംസിങ്ങിെൻറ പ്രസ്താവന
ഒ. ഡയറെ വധിച്ചതിന് കോടതി ഉദ്ദംസിങ്ങിന് വധശിക്ഷ വിധിച്ചു. വിധികേട്ടശേഷം ഉദ്ദംസിങ് നടത്തിയ വികാരോജ്ജ്വലമായ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘‘ബ്രിട്ടീഷ് സാമ്രാജ്യത്വം കനത്ത ബൂട്സിനടിയിലിട്ട് അർധപ്പട്ടിണിക്കാരായ എെൻറ നാട്ടുകാരെ ചവിട്ടുന്നത് ഞാൻ കണ്ടു. നിരായുധരും നിരപരാധികളുമായ എെൻറ സഹോദരങ്ങളെ നിർദയം വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട മൈക്കിൾ ഒ. ഡയറെ ഞാൻ കൊന്നു. അതിൽ എനിക്ക് അശേഷം ഖേദമില്ല. മരണത്തിൽ എനിക്കു ഭയവുമില്ല. വാർധക്യംവരെ ജീവിതം ദീർഘിപ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? യൗവനത്തിൽ മരിക്കുന്നതിന് ധീരതയുടെ സുഗന്ധമുണ്ട്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിൽ ആത്മനിർവൃതിയുണ്ട്.’’
1940 ജൂൺ 12ന് ലണ്ടനിലെ പെേൻറാൺ വില്ല ജയിലിൽ ആ വിപ്ലവകാരിയെ തൂക്കിക്കൊന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.