ജല്ലിക്കെട്ട് ഇനി 'വേറെ ലെവൽ'; മധുരയിൽ തുറന്നത് ലോകോത്തര സ്റ്റേഡിയം; മത്സരങ്ങൾ ഐ.പി.എൽ മാതൃകയിൽ നടത്തും
text_fieldsചെന്നൈ: തമിഴ്നാട്ടിലെ പരമ്പരാഗതമായ കാളകളെ മെരുക്കുന്ന കായിക വിനോദമായ ജല്ലിക്കെട്ട് ലോകോത്തര നിലവാരത്തിലേക്ക് മാറും. ജല്ലിക്കെട്ടിന് പ്രശസ്തമായ മധുര ജില്ലയിലെ അലങ്കനല്ലൂരിൽ അന്താരാഷ്ട്ര നിലവാരമുള്ള ജല്ലിക്കെട്ട് സ്റ്റേഡിയം തുറന്നു.
ക്രിക്കറ്റിൽ വൻ വിജയമായ ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എൽ) മാതൃകയിൽ ജല്ലിക്കെട്ട് മത്സരങ്ങൾ നടത്താനാണ് തമിഴ്നാട് സർക്കാർ ശ്രമം. കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ മധുര ജില്ലാഭരണകൂടവും സംസ്ഥാന കായികവകുപ്പും പ്രാരംഭചർച്ചകൾ നടത്തി.
സ്പെയിനിലെ കാളപോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ 62 കോടി രൂപ ചിലവിലാണ് അരീന നിർമിച്ചിട്ടുള്ളത്. 5000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർവഹിച്ചു. പരമ്പരാഗത കലാപ്രകടനം ഉൾപ്പെടെയുള്ള പരിപാടികളോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ നടത്തിയത്. ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം അഞ്ഞൂറോളം കാളകളും 300-ഓളം വീരന്മാരും കരുത്തുകാട്ടിയ മത്സരം അരങ്ങേറി. പതിനായിരത്തിലേറെ പേർ മത്സരം കാണാനെത്തി.
75000 ചതുരശ്രയടിയിലേറെ വലുപ്പമുള്ള സ്റ്റേഡിയത്തിൽ ജല്ലിക്കെട്ട് ചരിത്രം വിവരിക്കുന്ന മ്യൂസിയം, ലൈബ്രറി, പ്രദർശനഹാൾ, വിശ്രമമുറികൾ, ഓഫീസ് മുറികൾ, മെഡിക്കൽ സെന്ററുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
കോർപ്പറേറ്റ് ഫണ്ടിംഗ് ഉപയോഗിച്ചുള്ള ജല്ലിക്കെട്ട് മത്സരങ്ങൾ ഇപ്പോൾ തന്നെ തമിഴ്നാട്ടിൽ സജീവമാണ്. സ്വർണ്ണ നാണയങ്ങൾ, കാറുകൾ, മോട്ടോർ ബൈക്കുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനമായി നൽകും. കൂടാതെ ജല്ലിക്കെട്ട് പ്രീമിയർ ലീഗും (ജെ.പി.എൽ) തമിഴ്നാട്ടിൽ നടക്കുന്നുണ്ട്. അതിന്റെ പരിഷ്കരിച്ച രൂപമായിരിക്കും അലങ്കനല്ലൂരിൽ തുടങ്ങുക.
കാളകളോട് ക്രൂരത കാണിക്കുന്നുവെന്ന് ആരോപിച്ച് മൃഗാവകാശ സംഘടനകളുടെ പ്രതിഷേധവും തമിഴ്നാട്ടിൽ സമാന്തരമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.