കാളപ്പോര്: തമിഴ്നാട്ടില്‍ പ്രക്ഷോഭം
text_fieldsചെന്നൈ: കാളപ്പോരിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ ചെന്നൈയിലെ മറീന ബീച്ചിൽ തുടരുന്ന പ്രതിഷേധത്തിനിടെ ഡി.എം.കെ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. മമ്പാലത്ത് പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ തകർത്തു. പാർട്ടി േനതാക്കളായ സ്റ്റാലിനും കനിമൊഴിയും പ്രതിഷേധത്തിൽ പങ്കു ചേർന്നു.
ജെല്ലിക്കെട്ട് നിരോധനം മറികടക്കാൻ രണ്ടുദിവസത്തിനകം ഒാർഡിനൻസ് ഇറക്കുമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർശെൽവം അറിയിച്ചു. എന്നാൽ, നിരോധനം നീക്കിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന് പ്രതിഷേധക്കാർ അറിയിച്ചു.നേരത്തെ സംഗീതസംവിധായകൻ എ.ആർ റഹ്മാൻ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് നിരാഹാരമെടുക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. നടികർ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര താരങ്ങളും ഉപവസിക്കും.
തമിഴ്നാട്ടിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങൾ ഒാടുന്നില്ല. ബന്ദിന് സമാനമായ പ്രതീതിയാണ് എല്ലായിടത്തും ഉള്ളത്. അതേസമയം, ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ, സദ്ഗുരു ജഗി വസുദേവ അടക്കമുള്ളവർ കാളപ്പോരിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
കാളപ്പോരിന് അനുമതി ലഭിക്കുന്നത് വരെ പിന്മാറില്ലെന്നു സമരം നയിക്കുന്ന യുവജന-വിദ്യാര്‍ഥി കൂട്ടായ്മകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി-പ്രധാനമന്ത്രിതല കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ സംസ്ഥാനമെങ്ങും വിദ്യാര്‍ഥികള്‍ നയിക്കുന്ന സമരത്തിന് ബഹുജന പിന്തുണ വര്‍ധിച്ചു. പ്രതിഷേധങ്ങള്‍ക്ക് സി.പി.എം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ട്രെയിനുകള്‍ ഉപരോധിക്കുമെന്ന് ഡി.എം.കെയും അറിയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്ക് പങ്കെടുക്കുന്നു. കടകള്‍ അടച്ചിടാന്‍ വ്യാപാരി സംഘടനകള്‍ ആഹ്വാനം ചെയ്തു. ഓട്ടോ, കാര്‍, ഓണ്‍ലൈന്‍ ടാക്സികള്‍ വെള്ളിയാഴ്ച സര്‍വിസ് നടത്തില്ലെന്ന് സംഘടനകളുടെ സംയുക്ത വേദി അറിയിച്ചു. പത്ത് സംഘടനകള്‍ ഉള്‍പ്പെട്ട തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പണിമുടക്കിന് തമിഴ്നാട് ചേംബര്‍ ഓഫ് കോമേഴ്സ് പിന്തുണ പ്രഖ്യാപിച്ചു.
ബാര്‍ അസോസിയേഷന്‍ ആഹ്വാനപ്രകാരം അഭിഭാഷകര്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും കോടതികള്‍ ബഹിഷ്കരിക്കും. മദ്രാസ്, അണ്ണാ, സത്യഭാമ, ഡോ. എം.ജി.ആര്‍ തുടങ്ങി മിക്കവാറും സര്‍വകലാശാലകള്‍ രണ്ടു ദിവസം കാമ്പസുകള്‍ക്ക് അവധി നല്‍കി പരീക്ഷകള്‍ മാറ്റിവെച്ചു. സംഘര്‍ഷം മുന്നില്‍ കണ്ട് കോളജുകളും സ്കൂളുകളും വെള്ളിയാഴ്ചയും അവധിയാണ്. സിനിമ മേഖലയിലെ സംഘടനകളും പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.