ജാതി സെൻസസ് ദേശീയതലത്തിൽ വേണം -ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡൽഹി: ബിഹാറിലെ ജാതി സെൻസസിനെ സ്വാഗതം ചെയ്ത ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ഇതുപോലെ ദേശീയ തലത്തിലും നടത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് ജനസംഖ്യയും സംവരണവും ആനുപാതികമല്ലെന്ന് സർവേ വെളിപ്പെടുത്തിയെന്നും ജമാഅത്ത് വ്യക്തമാക്കി. സമൂഹത്തിലെ പാർശ്വവൽകൃത, കീഴാള വിഭാഗങ്ങളെ കുറിച്ചുള്ള പുതിയ സ്ഥിതിവിവരം കിട്ടാൻ ജാതി സെൻസസ് അനിവാര്യമാണെന്നും ജമാഅത്ത് നേതാക്കൾ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ജാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിലും സംവരണം നൽകുന്നത്. ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് ഫലപ്രദമായ നയരൂപവത്കരണത്തിനും സഹായകമാണ്. എന്നാൽ, രാജ്യത്തിന്റെ പുതിയ സെൻസസ് കണക്ക് ലഭ്യമല്ല. അവസാനമായി ജാതി സെൻസസ് നടന്നത് 1931ലാണ്. 2011ൽ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടന്നെങ്കിലും ഫലം പുറത്തുവിട്ടില്ല.
സർക്കാറിനെ വിമർശിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തർക്കുനേരെയുള്ള അറസ്റ്റിനെയും റെയ്ഡുകളെയും ജമാഅത്ത് അപലപിച്ചു. നീതിയെ സ്നേഹിക്കുന്ന മുഴുവൻ മനുഷ്യരും സർക്കാറിന്റെ പ്രതികാര നടപടിക്ക് ഇരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ജമാഅത്ത് ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ മുഹമ്മദ് സലിം, സെക്രട്ടറി എ. റഹ്മതുന്നീസ, മീഡിയ വിഭാഗം സെക്രട്ടറി കെ.കെ മുഹമ്മദ് സുഹൈൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.