ജമാഅത്തെ ഇസ്ലാമി ദേശീയ സമ്മേളനം സമാപിച്ചു
text_fieldsഹൈദരാബാദ്: വെറുപ്പിന്റെ ആശയങ്ങളുടെ അതിപ്രസരത്തെ മറികടന്ന് പരസ്നേഹത്തിന്റെയും പരോപകാരത്തിന്റെയും ഇസ്ലാമിക പാഠങ്ങൾ പുലർത്തി സാമൂഹിക പരിവർത്തനത്തിന് പുനരർപ്പണം ചെയ്യുമെന്ന പ്രതിജ്ഞയോടെ ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ ദേശീയ സമ്മേളനം ഹൈദരാബാദിലെ വാദിഹുദയിൽ സമാപിച്ചു.
നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്കായി ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മഹിതമായ ആശയങ്ങളെ നശിപ്പിക്കുന്ന നടപടികളിൽനിന്നു പിന്തിരിയണമെന്ന് സമ്മേളനം ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ‘നീതിയും ന്യായവും’ പ്രമേയമാക്കി നടന്ന ത്രിദിന സമ്മേളനത്തിൽ വർത്തമാന ഇന്ത്യയിൽ ഇസ്ലാമിന്റെ സൽപാഠങ്ങളുമായി പൊതുബോധത്തെ അഴിച്ചുപണിയാനും സമൂഹത്തെ നീതിയിലും നന്മയിലും പുനഃസൃഷ്ടിക്കാനുമുള്ള യജ്ഞത്തിന് ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
മുസ്ലിംസമൂഹം വിശ്വാസം ഉൾക്കൊണ്ട് ചുറ്റുപാടുകളിലേക്ക് ഇറങ്ങിത്തിരിക്കണമെന്നും സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദതുല്ല ഹുസൈനി സമാപന പ്രഭാഷണത്തിൽ അംഗങ്ങളെ ആഹ്വാനം ചെയ്തു.
സാമൂഹിക പരിവർത്തനത്തിന് സർവം മറന്ന ത്യാഗപരിശ്രമങ്ങൾ, ഏതു വിട്ടുവീഴ്ച ചെയ്തും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വീണ്ടെടുപ്പ്, മുസ്ലിം സമൂഹത്തിന്റെ ആഭ്യന്തര ഭദ്രതയിലൂന്നിയ ഐക്യം എന്നിവ വരുംനാളുകളിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുടെ മുഖമുദ്രയായി മാറണം. പ്രസ്ഥാനത്തിന്റെ മഹത്തായ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധതെറ്റിക്കുന്ന നിസ്സാര പ്രശ്നങ്ങളുടെ പിന്നാലെ പോകരുതെന്ന് അമീർ അണികളെ ഓർമിപ്പിച്ചു.
കേന്ദ്ര സെക്രട്ടറി ഐ. കരീമുല്ല പ്രമേയാവതരണം നടത്തി. സയ്യിദ് മുഹ് യിദ്ദീൻ ശാകിർ പുനരർപ്പണ പ്രതിജ്ഞക്ക് നേതൃത്വം നൽകി. മുഖ്യ സംഘാടകൻ അബ്ദുൽ ജബ്ബാർ സിദ്ദീഖി നന്ദി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക, സംസ്ഥാന നേതാക്കൾ സംഘടന പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 15,000ത്തോളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. ആത്മീയത, മതാന്തര സംവാദം, മനുഷ്യാവകാശങ്ങൾ, സാമൂഹികം, വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ചകളും സമ്മേളനത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.