നിരോധനം പിൻവലിക്കണം -ജമാഅത്തെ ഇസ്ലാമി ഹിന്ദ്
text_fieldsന്യൂഡൽഹി: പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്.
സംഘടനയെ നിരോധിക്കുന്നത് ഒരു പരിഹാരമോ ജനാധിപത്യ സമൂഹത്തിന് യോജിച്ചതോ അല്ല. ഈ സംഘടനകളുടെ നയങ്ങളോട് ആളുകൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. ജമാഅത്തെ ഇസ്ലാമി പല വിഷയങ്ങളിലും അവരെ എപ്പോഴും എതിർത്തിട്ടുണ്ട്. എന്നാൽ, ഒരു സംഘടനയെ നിരോധിക്കാനും അതിന്റെ കേഡർമാരെ ഉപദ്രവിക്കാനും അത് കാരണമല്ല.
ദുർബലവും കഴമ്പില്ലാത്തതുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു സംഘടനയെതന്നെ നിരോധിക്കുന്നത് നീതീകരിക്കാനാവാത്തതും ജനാധിപത്യവിരുദ്ധവുമാണ്. ഈയിടെയായി, ചില ഗ്രൂപ്പുകൾ പരസ്യമായി വിദ്വേഷം പടർത്തുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതും നാം കണ്ടു. അവർക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല.
അതിനാൽ, നിരോധനം വിവേചനപരവും പക്ഷപാതപരവുമാണെന്ന് തോന്നിപ്പിക്കും. ഇത് ജനങ്ങളും സർക്കാറും തമ്മിലുള്ള വിശ്വാസക്കുറവ് വർധിപ്പിക്കുകയും രാജ്യത്തിന് തെറ്റായ സന്ദേശം നൽകുകയും ചെയ്യും. നിരോധനം എത്രയും വേഗം പിൻവലിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.