ജാമിഅ മില്ലിയ്യ പ്രവേശന പരീക്ഷ: കേരളം പുറത്ത്
text_fieldsന്യൂഡൽഹി: നൂറുകണക്കിന് മലയാളി വിദ്യാർഥികൾ പഠിക്കുന്ന ജാമിഅ മില്ലിയ്യ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ പുതിയ അധ്യയന വർഷ ബിരുദ,ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ കേരളം പുറത്ത്.പ്രവേശന പരീക്ഷക്കുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏക കേന്ദ്രമായിരുന്ന തിരുവനന്തപുരം ജാമിഅ മില്ലിയ്യയെ അധികൃതർ ഒഴിവാക്കി. ഇതോടെ, ജാമിഅയിൽ ചേരാൻ ആഗ്രഹിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് പരീക്ഷക്ക് മാത്രമായി ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും.
ഡൽഹി, ലഖ്നോ, ഗുവാഹതി, പട്ന, കൊൽക്കത്ത, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു മുൻ വർഷങ്ങളിൽ പരീക്ഷാ സെന്റററുകൾ. ഇത്തവണ തിരുവനന്തപുരം ഒഴിവാക്കി ഭോപാലിലും മാലേഗാവിലും പുതിയ സെന്ററുകൾ അനുവദിച്ചു. ദേശീയ പരീക്ഷ ഏജൻസി നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) വഴി ഒമ്പത് ബിരുദ കോഴ്സുകളിലേക്കും അഞ്ച് പി.ജി കോഴ്സുകളിലേക്കും മാത്രമേ ജാമിഅ പ്രവേശനം നൽകുന്നുള്ളൂ. അതിനാൽ, പ്രവേശന പരീക്ഷക്ക് മാത്രമായി വിദ്യാർഥികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തേണ്ടിവരും.
ആയിരക്കണക്കിന് പരീക്ഷാർഥികൾക്ക് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണിതെന്നും കേരളത്തിലെ വിദ്യാർഥികളോട് വിവേചനപരമായ നിലപാടാണിതെന്നും ജാമിഅ എം.എസ്.എഫ് യൂനിറ്റ് ആരോപിച്ചു. ഇത് രാഷ്ട്രീയമായും നിയമപരമായും നേരിടും. സുപ്രീം കോടതി അഭിഭാഷകനും എം.പിയുമായ ഹാരിസ് ബീരാനുമായി ചർച്ച നടത്തിയെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഏപ്രിൽ 10 വരെ അപേക്ഷിക്കാം
ന്യൂഡൽഹി: ജാമിഅ സർവകലാശാലയിലേക്കുള്ള വിവിധ കോഴ്സുകളിലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. ഏപ്രിൽ 26 മുതൽ പരീക്ഷ ആരംഭിക്കും. യോഗ്യതാ മാനദണ്ഡം, അപേക്ഷാ സമയപരിധി, പ്രവേശന പരീക്ഷ തീയതികൾ, കോഴ്സ് ഫീസ്, കാലാവധി എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങളും ജാമിഅ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത്തവണ നാലുവർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ, ബി.എസ് സി (ഓണേഴ്സ്) കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടെ 14 പുതിയ കോഴ്സുകളും ജാമിഅ ആരംഭിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.