മോദിക്കെതിരെ മുദ്രാവാക്യം വിളിക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പു നൽകി ജാമിഅ മില്ലിയ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും നിയമനിർവഹണ ഏജൻസികൾക്കെതിരെയും മുദ്രാവാക്യം വിളിക്കരുതെന്ന് വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല. ഭരണഘടനാപരമായ ഉത്തരവാദിത്തം വഹിക്കുന്നവർക്ക് എതിരായ പ്രതിഷേധങ്ങളും ധർണകളും സർവകലാശാലയിൽ അനുവദനീയമല്ലെന്നും ഇതിനെതിരെ കർശനമായ അച്ചടക്ക നടപടിയുണ്ടാവുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
യൂണിവേഴ്സിറ്റി രജിസ്ട്രാർ എം.ഡി. മഹതാഹ് ആലം റിസ്‌വി പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിലാണ് വിദ്യാർഥികൾക്ക് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിക്കും മറ്റ് നിയമനിർവഹണ ഏജൻസികൾക്കുമെതിരെ സർവകലാശാലയിലെ ഏതാനും വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് അനുവദനീയമല്ലെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്. പ്രതിഷേധങ്ങൾക്കും ധർണകൾക്കും മുൻകൂർ അനുമതി വാങ്ങണമെന്നും സർവകലാശാല ആവശ്യപ്പെടുന്നു.
മെമ്മോറാണ്ടത്തിനെതിരെ വിദ്യാർഥി സംഘടനകൾ കടുത്ത വിമർശനം ഉയർത്തി രംഗത്തെത്തി. ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (ഐസ) ഈ നിർദ്ദേശത്തെ അപലപിച്ചു. ജാമിഅ വിദ്യാർഥികളുടേതാണെന്നും ബി.ജെ.പിയുടെയോ സംഘ്പരിവാറിന്റെയോ അല്ലായെന്നും ഐസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.