മുസ്ലിം ന്യൂനപക്ഷ സംവരണത്തിൽ ജാമിഅ നിലപാട് വ്യക്തമാക്കണം
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ ന്യൂനപക്ഷ പദവിയെയും നിലവിലുള്ള സംവരണത്തെയും ബാധിക്കുന്ന നിർണായകമായ നീക്കത്തിൽ മറ്റു സംവരണങ്ങൾ റദ്ദാക്കി മുസ്ലിം ന്യൂനപക്ഷത്തിന് സംവരണം നൽകുന്നതിനെതിരായ ഹരജിയിൽ നിലപാട് വ്യക്തമാക്കാൻ ഡൽഹി ഹൈകോടതി ആവശ്യപ്പെട്ടു.
അധ്യാപക, അനധ്യാപക നിയമനത്തിൽ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമെന്ന നിലയിൽ മുസ്ലിംകൾക്ക് മാത്രമായി സംവരണം നടപ്പാക്കുന്നതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി നിലപാട് വ്യക്തമാക്കാൻ സർവകലാശാലാ അധികൃതരോട് ആവശ്യപ്പെട്ടത്. ജൂലൈ ഏഴിന് പരിഗണിക്കാനിരുന്ന കേസ് അടിയന്തര ആവശ്യം പരിഗണിച്ച് ഹൈകോടതി ഈ മാസം 14ന് കേൾക്കുമെന്ന് വ്യക്തമാക്കി.
241 അനധ്യാപക തസ്തികകളിലേക്ക് പട്ടികജാതി/ വർഗ സംവരണമില്ലാതെ ജാമിഅ മില്ലിയ അപേക്ഷ വിളിച്ച സാഹചര്യത്തിലാണ് ഹരജി നേരത്തേ കേൾക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരുൺ ഭരദ്വാജ് വാദിച്ചത്. ഇതിനെ എതിർത്ത ജാമിഅ അഭിഭാഷകൻ പ്രിതീഷ് സബർവാൾ ന്യൂനപക്ഷ പദവിയുള്ള ജാമിഅയിൽ നിലവിലുള്ള ചട്ടക്കൂട് തുടരുകയാണ് വേണ്ടതെന്ന് വാദിച്ചു. ന്യൂനപക്ഷ സർവകലാശാല എന്ന നിലയിൽ ജാമിഅക്ക് മറ്റു സംവരണം ബാധകമല്ലെന്നും ബോധിപ്പിച്ചു.
ജാമിഅ മില്ലിയ ന്യൂനപക്ഷ സർവകലാശാലയാണെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ 2011 ഫെബ്രുവരി 22ന് ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2014 ജൂൺ 23ന് ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ അധ്യാപക, അനധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും മറ്റു സംവരണങ്ങൾ റദ്ദാക്കാനും മുസ്ലിം ന്യൂനപക്ഷ സംവരണമാക്കാനും പ്രമേയം പാസാക്കി.
എന്നാൽ ജാമിഅയിൽ പട്ടികജാതി/ വർഗ വിഭാഗങ്ങൾക്ക് സംവരണമില്ലാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ചാണ് എസ്.സി, എസ്.ടി വിഭാഗക്കാരായ രാം നിവാസ് സിങ്, സഞ്ജയ് കുമാർ മീണ എന്നിവർ അഡ്വ. ഋതു ഭരദ്വാജ് മുഖേന ഹൈകോടതിയിലെത്തിയത്. എസ്.സി/എസ്.ടി സംവരണം റദ്ദാക്കിയത് മാത്രമല്ല, മുസ്ലിംകൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നതും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. ജാമിഅ മില്ലിയ ഇസ്ലാമിയയെ ന്യൂനപക്ഷ പദവിയുള്ള സർവകലാശാലയാക്കി ന്യൂനപക്ഷ കമീഷൻ പ്രഖ്യാപിച്ചതും നിയമവിരുദ്ധമാണെന്ന് ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.