ഹോസ്റ്റലുകൾ ഒഴിയണമെന്ന് ജാമിഅ അധികൃതർ; ഇവിടെ സുരക്ഷിതരെന്ന് വിദ്യാർഥികൾ
text_fieldsന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ഹോസ്റ്റലുകൾ ഒഴിയാൻ ആവശ്യപ്പെട്ടുള്ള ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി അധികൃതരുടെ നോട്ടീസിനെതിരെ വിദ്യാർഥികൾ. ഹോസ്റ്റലുകൾ ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ഇപ്പോൾ നിരവധി ആശങ്കകളുണ്ടെന്നും തങ്ങൾ കാമ്പസിൽ സുരക്ഷിതരാണെന്നും വിദ്യാർഥികൾ പറയുന്നു.
വിദ്യാർഥികളോട് ഹോസ്റ്റലുകൾ ഒഴിയാൻ ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമിഅ അധികൃതർ നോട്ടീസ് പുറത്തിറക്കിയത്. കാമ്പസ് നിൽക്കുന്ന പ്രദേശം ഹോട്ട്സ്പോട്ട് ആണെന്നും എല്ലാവരും ഒഴിയണമെന്നും നോട്ടീസിൽ ചൂണ്ടികാണിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും നാടുകളിലേക്ക് തിരിച്ച് പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ തുടർന്നായിരുന്നു ജാമിഅയുടെ നോട്ടീസ്.
എന്നാൽ, ഇപ്പോൾ കാമ്പസ് വിടുന്നത് പല കാരണങ്ങളാൽ പ്രായോഗികമല്ല എന്നാണ് വിദ്യാർഥികൾ പറയുന്നത്. കാമ്പസിൽ നിന്ന് പുറത്തിറങ്ങിയാൽ വീടുകളിലേക്ക് അയക്കുന്നതിന് പകരം തങ്ങളെ ക്വാറൻറീൻ ചെയ്യാൻ സാധ്യതയുണ്ടെന്ന് അവർ ഭയക്കുന്നു.
അതേസമയം, ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നിരവധി വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. 300 ഒാളം വിദ്യാർഥികൾ മാത്രമാണ് ഇനി കാമ്പസിൽ അവശേഷിക്കുന്നത്.
എല്ലാവരും ഹോസ്റ്റലുകൾ ഒഴിഞ്ഞ് പോയാൽ അവിടങ്ങൾ ക്വാറൻറീൻ കേന്ദ്രങ്ങൾ ആക്കുമോയെന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്. ഇപ്പോൾ വീടുകളിൽ ഉള്ള വിദ്യാർഥികളും ഇൗ ആശങ്ക ഉള്ളവരാണ്. തങ്ങളുടെ പുസ്തകങ്ങളും മറ്റു വസ്തുക്കളും ഹോസ്റ്റലിലാണുള്ളതെന്നും അവയെല്ലാം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമോയെന്നും അവർ ഭയപ്പെടുന്നുണ്ട്.
അതിവിദൂര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ കാമ്പസിലുള്ള പലരുമെന്ന് വിദ്യാർഥികൾ പറയുന്നു. അവരുടെ നാടുകളിൽ ഇൻറർനെറ്റ് സൗകര്യം പോലുള്ളവയില്ല. നാടുകളിലേക്ക് മടങ്ങിയാൽ അത്തരം പ്രശ്നങ്ങൾ പഠനപ്രവർത്തനങ്ങളെ
ബാധിക്കുമെന്നും അവർ പറയുന്നു.
എന്നാൽ, കാമ്പസിൽ കുടുങ്ങി പോയ വിദ്യാർഥികൾക്ക് രക്ഷപ്പെടാൻ ഇത് ഒരു അവസരമാണെന്നാണ് സർവകലാശാല പി.ആർ.ഒ അഹമദ് അസീം പറയുന്നത്. സർവകലാശാല ആഗസ്റ്റിലാണ് ഇനി തുറക്കുക. അതുവരെയും വിദ്യാർഥികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുക പ്രയാസകരമാണ്. പല ജീവനക്കാരും കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരാണെന്നും പി.ആർ.ഒ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.