സംഭൽ: വിഷ്ണു ജെയിനിനെ അറസ്റ്റ് ചെയ്യണം, ജുഡീഷ്യൽ അന്വേഷണം വേണം -ജംഇയ്യതുൽ ഉലമായെ ഹിന്ദ്
text_fieldsന്യൂഡൽഹി: ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും അഞ്ചുപേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ സംഭലിൽ ജംഇയ്യതുൽ ഉലമായെ ഹിന്ദ് നേതാക്കൾ സന്ദർശനം നടത്തി. ജനറൽ സെക്രട്ടറി മൗലാന ഹഖിമുദ്ദീൻ ഖ്വാസ്മിയുടെ നേതൃത്വത്തിലുള്ള സംഘം സമുദായ നേതാക്കളുമായും ജമാ മസ്ജിദ് ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തി. സംഘർഷത്തിലെ ഇരകൾക്കും കുടുംബാംഗങ്ങൾക്കും നിയമപരമായ എല്ലാ സഹായവും നൽകുമെന്ന് സംഘടന അറിയിച്ചു.
ജില്ല കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി. അന്യായമായ പൊലീസ് നടപടിയിലും നിരപരാധികളുടെ ഏകപക്ഷീയ അറസ്റ്റിലും സംഘം പ്രതിഷേധം അറിയിച്ചു. സംഘർഷത്തിലേക്ക് വഴിതെളിച്ച പ്രകോപന മുദ്രാവാക്യം വിളിച്ച അഭിഭാഷകനായ വിഷ്ണു ജെയ്നിനെതിരെ നടപടിയുണ്ടായിട്ടില്ലെന്നും മറിച്ച്, വിവേചനരഹിതമായ അറസ്റ്റിലൂടെ ഇരകളായ സമുദായത്തെ ലക്ഷ്യമിടുകയാണെന്നും പ്രതിനിധിസംഘം ആരോപിച്ചു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കൊലപാതകത്തിന് ഉത്തരവാദികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നും വിഷ്ണു ജെയിനിനെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
കോടതി ഉത്തരവിനെത്തുടർന്ന് നവംബർ 19ന് മസ്ജിദിലെ ആദ്യ സർവേക്ക് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.