ഹുർറിയത്ത് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ് വീണ്ടും വീട്ടുതടങ്കലിൽ
text_fieldsശ്രീനഗർ: കശ്മീരിലെ ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ് വീട്ടുതടങ്കലിൽ. വിശ്വാസികൾക്ക് പ്രധാനപ്പെട്ട വെള്ളിയാഴ്ചത്തെ മിഅ്റാജ് രാത്രിയിൽ ജാമിഅ മസ്ജിദിൽ പ്രത്യേക പ്രഭാഷണം നടത്താൻ ഒരുങ്ങുന്നതിന് മുന്നോടിയായാണ് കസ്റ്റഡിയിലെടുത്തതെന്ന് അൻജുമാൻ അഉഖാഫ് ജുമാമസ്ജിദ് ഭരണസമിതി അറിയിച്ചു.
മിർവായിസിന്റെ പ്രഭാഷണം കേൾക്കാനും സഭയിൽ പങ്കെടുക്കാനും വലിയ ജനക്കൂട്ടം പള്ളിയിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതിരാവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പൊലീസ് സംഘം നിലയുറപ്പിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വീട്ടുതടങ്കലിൽനിന്ന് മോചിതനായ ശേഷം മിർവായിസിന് മൂന്ന് വെള്ളിയാഴ്ചകളിൽ മാത്രമേ പ്രഭാഷണം നടത്താൻ അനുവാദം ലഭിച്ചിട്ടുള്ളൂവെന്നും ഭരണസമിതി പറഞ്ഞു. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ 2019 ആഗസ്റ്റിൽ വീട്ടുതടങ്കലിലാക്കിയ ശേഷം ആദ്യമായി മിർവായിസിന് ന്യൂഡൽഹിയിലേക്ക് പോകാൻ കഴിഞ്ഞ മാസം അനുമതി ലഭിച്ചിരുന്നു.
അതിനിടെ, ജമ്മു-കശ്മീരിലെ സോപോർ ഉപജില്ലയിലെ ഒളിത്താവളങ്ങളിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളുമായി രണ്ട് പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. സോപോർ ടാർസൂവിലെ അബ്ദുൽ റഷീദ് നജർ, സോപോറിലെ അബ്ദുൽ ജമീൽ ലാറ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.