ജമ്മു-കശ്മീർ മണ്ഡല പുനർനിർണയം: അന്തിമ വിജ്ഞാപനം തള്ളി പ്രതിപക്ഷ പാർട്ടികൾ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ മണ്ഡല പുനർനിർണയ കമീഷന്റെ അന്തിമ വിജ്ഞാപനം തള്ളി പ്രതിപക്ഷ പാർട്ടികൾ. റിപ്പോർട്ട് പ്രതിഷേധാർഹവും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പ്രഖ്യാപിച്ച പാർട്ടികൾ വിഷയം ചർച്ച ചെയ്യാനായി തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചു.
ജമ്മു ആസ്ഥാനമായ ഓൾ പാർട്ടീസ് യുനൈറ്റഡ് മോർച്ച (എ.പി.യു.എം), കോൺഗ്രസ്, നാഷനൽ കോൺഫറൻസ്, സി.പി.എം, സി.പി.ഐ തുടങ്ങിയ സംഘടനകൾ വിജ്ഞാപനം തള്ളി രംഗത്തെത്തി. അടിസ്ഥാന യാഥാർഥ്യങ്ങൾക്കുനേരെ പോലും കണ്ണടച്ച കമീഷൻ, വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ സൗകര്യങ്ങളും അഭിലാഷങ്ങളും പൂർണമായും അവഗണിച്ചതായി എ.പി.യു.എം പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, നിരവധി ഗുജ്ജർ, ബക്കർവാൾ സംഘടനകൾ ഒമ്പത് നിയമസഭ സീറ്റുകൾ പട്ടികവർഗത്തിനായി സംവരണം ചെയ്തതിനെ സ്വാഗതം ചെയ്യുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുകയും ചെയ്തു. 2020 മാർച്ചിൽ രൂപവത്കരിച്ച മണ്ഡല പുനർനിർണയ കമീഷൻ ജമ്മു, കശ്മീർ ഡിവിഷനുകളിലായി ഒമ്പത് സീറ്റുകൾ പട്ടികവർഗത്തിനായി സംവരണം ചെയ്തു.
ജമ്മുവിൽ ആറും കശ്മീരിൽ മൂന്നും സീറ്റുകളിലാണ് സംവരണം. 90 അംഗ നിയമസഭയിൽ ജമ്മു ഡിവിഷനിൽ 43 അസംബ്ലി സീറ്റുകളും കശ്മീർ ഡിവിഷനിൽ 47 സീറ്റുകളും ഉൾപ്പെടുത്തിയ അന്തിമവിജ്ഞാപനം കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.