370ാം അനുഛേദം ജമ്മു-കശ്മീർ ഭരണഘടന സഭ ആഗ്രഹിച്ചത് -ഗോപാൽ സുബ്രഹ്മണ്യം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിനെ ഇന്ത്യയോട് ചേർത്തപ്പോൾ ജമ്മു-കശ്മീരിന് പ്രത്യേകമായ ഭരണഘടനസഭ ഉണ്ടാ ക്കാമെന്ന് ന്യൂഡൽഹി അംഗീകരിച്ചതാണെന്നും അങ്ങനെയാണ് ജമ്മു-കശ്മീർ ഭരണഘടനയുണ്ടാക്കിയ ശേഷം ആ സഭ 1957ൽ പിരിച്ചുവിട്ടതെന്നും മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചു. ഈ ജമ്മു-കശ്മീർ ഭരണഘടന സഭ ഇന്ത്യൻ ഭരണഘടനയുടെ 370ാം അനുഛേദം നിലനിർത്തണമെന്നാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജമ്മു-കശ്മീർ ഭരണഘടന സഭ അത്തരമൊരു നിലപാടെടുക്കുകയും ആ നിലപാട് ന്യൂഡൽഹി അംഗീകരിക്കുകയും ചെയ്ത ശേഷം ഏകപക്ഷീയമായി ഈ ക്രമീകരണം റദ്ദാക്കുന്നതെങ്ങനെയാണെന്ന് ഗോപാൽ സുബ്രഹ്മണ്യം ചോദിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെയായിരുന്നില്ല ജമ്മു-കശ്മീർ. അതിന് സ്വന്തമായ ഭരണഘടനയുണ്ടായിരുന്നു. ആ ഭരണഘടനയാൽ സ്ഥാപിച്ചതാണ് ജമ്മു-കശ്മീർ ഹൈകോടതി. മറ്റു രാജാക്കന്മാർ അവരവരുടെ നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ലയിപ്പിച്ച ഉടമ്പടിപോലെയായിരുന്നില്ല കശ്മീർ രാജാവ് ഉണ്ടാക്കിയ ഉടമ്പടി. ജമ്മു-കശ്മീരിന് പ്രത്യേക ഭരണഘടന സഭ വേണമെന്ന് രാജാവ് ആവശ്യപ്പെട്ടതാണ്.
ജമ്മു-കശ്മീർ ഭരണഘടന സഭയുടെ എല്ലാ നിർദേശങ്ങളും ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഇതായിരുന്നു ഇന്ത്യ കാണിച്ച നയതന്ത്രജ്ഞത. ഇന്ത്യക്കും ജമ്മു-കശ്മീരിനുമിടയിലെ ആശയവിനിമയത്തിനുള്ള ഭാഷയായിരുന്നു 370ാം അനുഛേദം. അതിലൂടെയാണ് ഇന്ത്യൻ ഭരണഘടനയും ജമ്മു-കശ്മീർ ഭരണഘടനയും പരസ്പരം സംസാരിച്ചിരുന്നത്. ജമ്മു-കശ്മീർ ഭരണഘടന ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടാണ് ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായതെന്നും സുബ്രഹ്മണ്യം വാദിച്ചു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഹരജി സമർപ്പിച്ചവരിലൊരാളായ മുസഫർ ഇഖ്ബാൽ ഖാനുവേണ്ടിയാണ് ഗോപാൽ സുബ്രഹ്മണ്യം ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.