ജമ്മു-കശ്മീർ മണ്ഡല പുനർനിർണയം; നിർദേശങ്ങൾ തേടി അതിർത്തി നിർണയ കമീഷൻ
text_fieldsജമ്മു-കശ്മീർ: നിയമസഭ, പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീരിലെ പൊതുജനങ്ങളെയും രാഷ്ട്രീയ നേതാക്കളെയും കണ്ട് അതിർത്തി നിർണയ കമീഷൻ. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിർദേശത്തിൽ പൊതുജനങ്ങൾക്കുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും അറിയാനാണ് രണ്ടു ദിവസത്തെ കൂടിക്കാഴ്ച. റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള കമീഷന്റെ കൂടിക്കാഴ്ച ചൊവ്വാഴ്ചയും തുടരും. പുനർനിർണയത്തിലെ അഭിപ്രായനിർദേശങ്ങൾ സ്വീകരിക്കാനായി മാർച്ച് 14ന് കമീഷൻ കരട് റിപ്പോർട്ട് പൊതുസമക്ഷം പ്രസിദ്ധീകരിച്ചിരുന്നു. തിങ്കളാഴ്ച ജമ്മുവിലെ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ റംബാൻ, രജൗരി, പൂഞ്ച്, കിഷ്ത്വാർ, കഠ്വ, ദോഡ ജില്ലകളിലെ 20 പ്രതിനിധികളെയും പൊതുജനങ്ങളെയും കാണുകയും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ശ്രീനഗറിലെ എസ്.കെ.ഐ.സി.സിയിലും സമാന സമ്മേളനം നടക്കും.
അതിനിടെ, അതിർത്തി നിർണയ കമീഷനെതിരെ കോൺഗ്രസ് ജമ്മു-കശ്മീർ ഘടകം കുത്തിയിരുപ്പ് സമരം നടത്തി. കോൺഗ്രസ് പ്രസിഡന്റ് ജി.എ. മിറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. കരട് റിപ്പോർട്ടിലെ ക്രമക്കേടുകൾ ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരാനായി കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ശഹീദി ചൗക്കിലുള്ള പാർട്ടി ആസ്ഥാനത്തിന് പുറത്തുനടന്ന സമരത്തിൽ മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.