കശ്മീരിൽ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും; ഒരുക്കങ്ങൾ വിലയിരുത്താൻ കമീഷന്‍റെ സന്ദർശനം
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗറിലെത്തി. ദ്വിദിന സന്ദർശത്തിനെത്തിയ സംഘത്തിൽ തെരഞ്ഞെടുപ്പ് കമീഷണർമാരായ ഗ്യാനേഷ് കുമാർ, എസ്.എസ്. സന്ധു എന്നിവരുമുണ്ട്. സെപ്റ്റംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശം നിലനിൽക്കെയാണ് കമീഷന്‍റെ സന്ദർശനം.
ജമ്മു കശ്മീരിലെ 20 ജില്ലകളിലെയും പ്രധാന രാഷ്ട്രീയ നേതാക്കളുമായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഭരണച്ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർ, ഇലക്ടറൽ ഓഫീസർമാർ എന്നിവരോടും കൂടിക്കാഴ്ചക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി വൈകാതെ പ്രഖ്യാപിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷം കേന്ദ്രഭരണപ്രദേശമായ കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഈ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ഉയർന്നതും അക്രമ സംഭവങ്ങൾ കുറഞ്ഞതും തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമാണെന്ന സൂചനയാണെന്ന് രാജിവ് കുമാർ പ്രതികരിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
2014ലാണ് കശ്മീരിൽ അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 2018 മുതൽ മേഖല കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാണ്. 2019 ഓഗസ്റ്റിൽ കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തു. കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി നൽകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.