കശ്മീരിലെ നാല് പ്രമുഖ മതനേതാക്കളെ പൊതു സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്തു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ കർശനമായ പൊതു സുരക്ഷ നിയമപ്രകാരം(പബ്ലിക് സേഫ്റ്റി ആക്ട്-പി.എസ്.എ) നാല് പ്രമുഖ മതപുരോഹിതരെ അറസ്റ്റ് ചെയ്തു. മതപുരോഹിതരായ മുഷ്താഖ് അഹ്മദ് വീരി, അബ്ദുൽ റാഷിദ് ദാവൂദി എന്നിവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇവർക്കെതിരെ പി.എസ്.എ പ്രകാരം കേസെടുത്തു.
ഇവരെ കശീമീർ താഴ്വരക്ക് പുറത്തുള്ള ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. അഹ് ലെ ഹദീസ് ചിന്താധാരയിൽ പെട്ടയാളാണ് അഹ്മദ് വീരി. ബറേൽവി മത പുരോഹിതനും ദക്ഷിണ കശ്മീരിലെ തെഹ് രീകെ ഇസ്സത്തുൽ ഔലിയയുടെ തലവനാണ് ദാവൂദി.
ശനിയാഴ്ച മതപ്രഭാഷകനായ സർജൻ ബർകതിയെ പൊലീസ് പി.എസ്.എ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജംഇയ്യത് അഹ് ലെ ഹദീസിലെ സ്വാധീനമുള്ള മറ്റൊരു മതനേതാവായ അബ്ദുൽ മജീദ് ദാർ അൽ മദനിയും അറസ്റ്റിലായിരുന്നു. മദനിക്കെതിരെയും പി.എസ്.എ പ്രകാരമാണ് കേസെടുത്തത്.
2016 ജൂലൈയിൽ ഹിസ്ബുൽ മുജാഹിദീൻ തലവൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു ശേഷം വിഘടന വാദ അനുകൂല പ്രസംഗങ്ങൾ നടത്തിയ ബർകതി ഫ്രീഡം ചാച്ച എന്നാണ് അറിയപ്പെടുന്നത്. നാലുവർഷത്തെ തടങ്കലിനു ശേഷം അടുത്തിടെയാണ് ബർകതിയെ മോചിപ്പിച്ചത്. നിരോധിത ജമ്മുകശ്മീർ ജമാഅത്തെ ഇസ്‍ലാമിയുടെ അഞ്ച് പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്.
അറസ്റ്റിനെ അപലപിച്ച് പി.ഡി.പി അധ്യക്ഷയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. നിയമ വിരുദ്ധമായ നിയമം എന്നാണ് ആംനസ്റ്റി ഇന്‍റർനാഷനൽ പി.എസ്.എയെ വിശേഷിപ്പിക്കുന്നത്. അറസ്റ്റിനെതിരെ മുഹമ്മദ് യൂസുഫ് തരിഗാമിയും രംഗത്തുവന്നിട്ടുണ്ട്.
മതപുരോഹിതരെ അറസ്റ്റ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്ന് മുതിർന്ന പീപ്ൾസ് കോൺഫറൻസ് നേതാവ് നിസാമുദ്ദീൻ ഭട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ലഫ്.ഗവർണർ മനോജ് സിൻഹയോടും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.