പഹൽഗാം ആക്രമണത്തിൽ പങ്ക്: കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്ത് അധികൃതർ
text_fieldsശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമയിൽ രണ്ടു ഭീകരരുടെ കൂടി വീടുകൾ അധികൃതർ തകർത്തു.അഫ്സാൻ ഉൾ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. പഹല്‍ഗാം തീവ്രവാദ ആക്രമണത്തിൽ ഇവര്‍ക്ക് പങ്കുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം കഴിഞ്ഞദിവസം തകര്‍ത്തിരുന്നു. ആക്രമണത്തിൽ പങ്കെടുത്ത കശ്മീരികളുടെ വീടുകളാണ് തകർത്തത്. പുൽവാമയിലെ ത്രാൽ, അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലായിരുന്നു ഇത്.
അതേസമയം, ഭീകരാക്രമണം നടന്ന് നാലാം ദിവസവും പഹൽഗാം അടക്കമുള്ള മേഖലയിൽ സൈന്യം ശക്തമായ പരിശോധന നടത്തിവരികയാണ്. ഡ്രോണുകളും ഹെലികോപ്റ്ററും അടക്കം പരിശോധനയ്ക്കായി ഉപയോഗിക്കുന്നു. ഭീകരരുടെ പേരുകളും രേഖാചിത്രങ്ങൾ അടക്കം പുറത്ത് വിട്ടിട്ടും ഇതുവരെ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് ജമ്മു കശ്മീർ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പഹൽഗാമിന് പുറമെ ജമ്മുകശ്മീരിന്റെ മറ്റു മേഖലകളിലും പരിശോധന ശക്തമാക്കി.
പാകിസ്താനെതിരെ നിലപാട് കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ ശക്തമായി നടപ്പിലാക്കും. ഇതിനുവേണ്ടിയുള്ള പദ്ധതികളും കേന്ദ്രസർക്കാർ തയ്യാറാക്കി കഴിഞ്ഞു. അണക്കെട്ടുകളിലെ സംഭരണശേഷി ഉയർത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് തടയാൻ കഴിഞ്ഞ രാത്രി ആഭ്യന്തര മന്ത്രി അമിതാ ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പാകിസ്താനുമായുള്ള വെടി നിർത്തൽ കരാർ റദ്ദാക്കുന്നതിനെ കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. അതിർത്തിയിൽ ഏതു സാഹചര്യം നേരിടാനും സജ്ജമായിരിക്കാൻ സേനകൾക്ക് നിർദേശമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.