പാക് ഷെല്ലാക്രമണം തുടരുന്നു; ഭീതിയോടെ ഗ്രാമീണർ
text_fieldsജമ്മു: കശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണവും വെടിവെപ്പും തുടരുന്നു. ജമ്മു, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈനിക ക്യാമ്പുകൾക്കു നേരെയാണ് ഞായറാഴ്ച രാത്രി പാകിസ്താെൻറ വെടിവെപ്പും ഷെല്ലാക്രമണവുമുണ്ടായത്. അതേസമയം, ആക്രമണത്തെ തുടർന്ന് പുനരധിവാസ ക്യാമ്പിൽ കഴിയുന്നവർ ഭയം കാരണം വീടുകളിലേക്ക് മടങ്ങാൻ മടിക്കുകയാണ്. അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള കനാചക്, പർഗ്വാൽ, മത്, ആർ.എസ് പുര, അർണിയ, രാംഘർ മേഖലകളിൽ കഴിഞ്ഞ ദിവസം അർധരാത്രി തുടർച്ചയായി പാക് സൈന്യം വെടിയുതിർത്തതായി ബി.എസ്.എഫ് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മുതൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തുന്ന ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാന്മാരും മൂന്ന് സൈനികരും ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. 60 പേർക്ക് പരിക്കേറ്റിരുന്നു.
ഷെല്ലാക്രമണം കനത്തതോടെ 40,000 ഗ്രാമീണർ പുനരധിവാസ ക്യാമ്പുകളിൽ അഭയംതേടിയിരിക്കുകയാണ്. മേഖലയിലെ ജനങ്ങളെ സഹായിക്കാൻ പൊലീസിനെ വിന്യസിച്ചതായി ബി.എസ്.എഫ് അറിയിച്ചു. ആക്രമണത്തെ തുടർന്ന് ജമ്മു മേഖലയിലെ അതിർത്തി നിയന്ത്രണ രേഖക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപമുള്ള സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷിത മേഖലകളിൽ തങ്ങൾക്ക് സ്ഥലം അനുവദിക്കാമെന്നും ഭൂഗർഭ അറകൾ നിർമിക്കാമെന്നുമുള്ള വാഗ്ദാനം നടപ്പായില്ലെന്ന് ഗ്രാമീണർ ആരോപിക്കുന്നു. പാക് ഷെല്ലാക്രമണത്തെ തുടർന്ന് ജമ്മു-കശ്മീർ സർക്കാർ അതിർത്തിക്ക് സമീപം താമസിക്കുന്നവർക്ക് മൂന്ന് പുനരധിവാസ ക്യാമ്പുകളാണ് തുറന്നത്.
ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിർത്തിക്കും അതിർത്തി നിയന്ത്രണ രേഖക്കുമടുത്ത് താമസിക്കുന്നവരുടെ സുരക്ഷക്കായി 415 കോടി ചെലവിൽ 14000 ഭൂഗർഭ അറകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് ഭൂമി നൽകുമെന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ, ഭൂമി അനുവദിക്കുന്നതിന് പകരം ഭൂഗർഭ അറകൾ നിർമിക്കുമെന്നായിരുന്നു സർക്കാർ ജമ്മു- കശ്മീർ നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇത് വാഗ്ദാന ലംഘനമാണെന്നാണ് ഗ്രാമീണരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.