പരിധിയില്ലാത്ത ആശ്വാസമായി ആ റിങ്ടോണുകൾ മുഴങ്ങി
text_fieldsശ്രീനഗർ: ആശയവിനിമയങ്ങൾ പരിധിക്ക് പുറത്തായിരുന്ന പത്താഴ്ചകൾക്കുശേഷം മുസമ് മിൽ അഹ്മദ് ഷാ വല്യുമ്മയോട് സംസാരിച്ചു.
ജമ്മു-കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ കണക്ഷൻ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ച സമയം കാത്തിരിക്കുകയായിരുന്നു ഈ നിയമവിദ്യാർഥി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയായ ഉടൻ മുസമ്മിലിെൻറ ഫോണിൽനിന്ന് ആദ്യകാൾ വല്യുമ്മയെ തേടിയെത്തി. പിന്നെ നിരനിരയായി ബന്ധുക്കളെ വിളിച്ച് വിശേഷം തിരക്കി. ശ്രീനഗറിലെ ബശാറത്ത് അഹ്മദ് ഒരു മണിക്കൂറിനുള്ളിൽ 30 സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ് വിളിച്ചത്. താൻ ജീവിച്ചിരിക്കുന്നുെണ്ടന്ന് എല്ലാവരെയും അറിയിക്കാനായിരുന്നു ഈ മാരത്തൺ ഫോൺ വിളി. മൊബൈൽ സർവിസ് പുനരാരംഭിച്ചത് ഏറെ ആശ്വാസമായെന്ന് യാസിർ അഹ്മദ്. അഞ്ചു കി.മീറ്റർ മാത്രം അകലെ താമസിക്കുന്ന പ്രതിശ്രുത വധുവിനോട് ആഗസ്റ്റ് അഞ്ചിനുശേഷം ഒന്നുമുരിയാടാൻ കഴിഞ്ഞിട്ടില്ലെന്ന് യാസിറിെൻറ പരിഭവം.
ശോകമൂകമായ താഴ്വരയിൽ ഉള്ളുരുകി കഴിയുന്ന കശ്മീരികൾക്ക് 72 ദിവസങ്ങൾക്കുശേഷമുള്ള ആ റിങ് ടോണുകൾ ഏറെ ആശ്വാസമായി. നഗരത്തിലെ ലാൽചൗക്കിൽ നാളുകൾക്കുശേഷം ആളുകൾ മനം തുറന്ന് സംസാരിക്കുന്നത് കാണാമായിരുന്നു, മൊബൈൽ ഫോണിലൂടെ. ഈദിനുമുമ്പ് നിശ്ശബ്ദമായ ഫോണിന് ദിവസങ്ങൾക്കുശേഷം ജീവൻവെച്ചപ്പോൾ എല്ലാവരും ‘മുബാറക്’ നേർന്നു. ഉറ്റവരെയും സുഹൃത്തുക്കളെയും അവർ നിർത്താതെ വിളിച്ചുെകാണ്ടിരുന്നു.
താഴ്വരയിലെ 40 ലക്ഷം പോസ്റ്റ്പെയ്ഡ് കണക്ഷനുകളാണ് പുനഃസ്ഥാപിച്ചത്. ഇൻറർനെറ്റ് കണക്ഷന് നിയന്ത്രണം തുടരും. അതില്ലാത്തവരാകട്ടെ പരിചയക്കാരായ ‘പോസ്റ്റ്പെയ്ഡു’കാർക്കുചുറ്റും കൂടി.
പ്രിയപ്പെട്ടവർക്ക് ഒരു കാൾ ചെയ്യുകയായിരുന്നു അവരുടെ ആവശ്യം. ഒപ്പമുള്ള പലരും ഫോൺവിളികളിൽ മുഴുകിക്കിടക്കുേമ്പാഴും ഫോണും പോസ്റ്റ്പെയ്ഡ് കണക്ഷനുമുണ്ടായിട്ടും നിരാശരാകേണ്ടിവന്നവരുമേറെ.
രണ്ടുമാസത്തിലേറെയായി ഇൻറർനെറ്റ് കണക്ഷനില്ലാത്തതിനാൽ പലരും ബില്ലടച്ചിട്ടില്ല. പ്രത്യേക പദവി റദ്ദാക്കിയശേഷം കർശന നിയന്ത്രണമേർപ്പെടുത്തിയ ജമ്മു-കശ്മീരിൽ പ്രീ പെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് നിയന്ത്രണം തുടരും. വാട്സ്ആപ്പും ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.