2019 ആഗസ്റ്റ് അഞ്ചിന് ചെയ്തത് അംഗീകരിക്കാനാവില്ല; 370ാം വകുപ്പ് അജണ്ടയാക്കി ജമ്മു-കശ്മീർ നേതാക്കൾ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം തിരുത്തി ജമ്മു-കശ്മീരിനെ പൂർവ സ്ഥിതിയിൽ പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ജമ്മു-കശ്മീരിൽനിന്നുള്ള വിവിധ കക്ഷി നേതാക്കളും മുൻ മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടു.
ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാതെ കേട്ടിരുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നിലവിലുള്ള ജമ്മു-കശ്മീർ കേന്ദ്ര ഭരണ പ്രദേശത്തെ പുതിയ സംസ്ഥാനമാക്കുന്നതിനുള്ള മണ്ഡല പുനർനിർണയത്തെ കുറിച്ചാണ് സംസാരിച്ചത്. ജനങ്ങളുെട നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല പറഞ്ഞു. കശ്മീരിെൻറ താൽപര്യത്തിന് എതിരായ തീരുമാനങ്ങൾ എല്ലാം പിൻവലിക്കണം. ജമ്മു-കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകുകയും ജമ്മു-കശ്മീർ കേഡർ പുനഃസ്ഥാപിക്കുകയും വേണം.
2019 ആഗസ്റ്റ് അഞ്ചിന് ചെയ്തത് അംഗീകരിക്കാനാവില്ല. എന്നാൽ, ഇതിനെതിരെ നിയമം കൈയിലെടുക്കില്ലെന്നും കോടതിയിൽ പോരാടുമെന്നും ഉമർ അബ്ദുല്ല പ്രധാനമന്ത്രിയോട് പറഞ്ഞു. 370ാം വകുപ്പ് റദ്ദാക്കിയത് അംഗീകരിക്കില്ലെന്ന് മുൻ പി.ഡി.പി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും യോഗത്തിൽ വ്യക്തമാക്കി. ഇപ്പോൾ വിളിച്ച യോഗം 2019 ആഗസ്റ്റ് അഞ്ചിന് മുമ്പ് വിളിക്കേണ്ടതായിരുന്നുവെന്ന് ഗുപ്കർ സഖ്യത്തിെൻറ വക്താവും സി.പി.എം നേതാവുമായ മുഹമ്മദ് യൂസുഫ് തരിഗാമി യോഗത്തിൽ പറഞ്ഞു.
എങ്കിൽ 370ാം വകുപ്പ് റദ്ദാക്കുകയോ പ്രത്യേക പദവി എടുത്തുകളയുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകില്ലായിരുന്നു. ജമ്മു-കശ്മീരിലെ ജനങ്ങൾ ഇൗ തീരുമാനങ്ങൾ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ഭരണഘടന ജമ്മു-കശ്മീർ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും ഭരണഘടനക്കൊപ്പമാണ് തങ്ങൾ നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, 370 റദ്ദാക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിച്ചുവെന്ന് പറയാൻ ജമ്മു-കശ്മീരിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഗുലാം നബി ആസാദ് തയാറായില്ല.
മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഗുലാം നബിയെ കൊണ്ട് കശ്മീരിലെ കക്ഷികളെ കേന്ദ്രത്തിെൻറ നിലപാട് ബോധ്യപ്പെടുത്താനുള്ള നീക്കം അമിത് ഷാക്കുണ്ട് എന്ന ആരോപണത്തിനിടയിലാണ് 370ാം വകുപ്പിനെ കുറിച്ച് ഗുലാം നബി മൗനം പാലിച്ചത്. കേന്ദ്രവുമായുള്ള സംഭാഷണം തുടരുമെന്നാണ് യോഗത്തിൽ പെങ്കടുത്ത നേതാക്കൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.