ജമ്മു കശ്മീരിൽ സംവരണ നയം പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ സംവരണ നയം പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ഉത്തരവിട്ടു. സംവരണ നയം ജമ്മു കശ്മീരിലെ ഏറ്റവും ജ്വലിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. കാരണം, ഇത് രണ്ട് വലിയ വംശീയ ഭൂരിപക്ഷ ജനവിഭാഗങ്ങളായ കശ്മീരികളെയും ഡോഗ്രകളെയും അകറ്റി നിർത്തുന്നു. ജമ്മു കശ്മീരിലെ ജനസംഖ്യയുടെ മുക്കാൽ ഭാഗവും കശ്മീരികളെയും ദോഗ്രകളെയും ഉൾക്കൊള്ളുന്നു. എന്നാൽ, അവരിൽ ഭൂരിഭാഗവും സംവരണാർഹരല്ല.
ഉമറും ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയും ഈ വിഷയത്തിൽ തർക്കത്തിലാണ്. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത പ്രധാന വിഷയമാണിതെന്ന് ഉമർ പറഞ്ഞു. മൂന്ന് മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ തീരുമാനമെടുത്തതായും അദ്ദേഹം അറിയിച്ചു.
‘സംവരണത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാറുണ്ട്. ആളുകൾ പരാതി പറയുകയും തങ്ങളുടെ ദുരിതം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഓപ്പൺ വിഭാഗത്തിൽ നിന്നുള്ള നമ്മുടെ യുവാക്കൾ അതിന് തങ്ങൾ അർഹതപ്പെട്ടിട്ടില്ലെന്ന് കരുതുന്നു. സംവരണമുള്ളവർ തങ്ങളുടെ വിഹിതം നേർപ്പിക്കാൻ ആഗ്രഹിക്കുന്നുമില്ല’ - മന്ത്രിസഭാ യോഗത്തിന് ശേഷം ഉമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് മന്ത്രിമാരടങ്ങുന്ന ഒരു മന്ത്രിസഭാ ഉപസമിതി സംവരണത്തെക്കുറിച്ച് സമഗ്ര വീക്ഷണം രൂപപ്പെടുത്തുകയും സുപ്രീംകോടതി നിർദേശങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. ആരുടെയും അവകാശം കവർന്നെടുക്കില്ല. പക്ഷേ, എല്ലാവർക്കും നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ മുസ്‍ലിംങ്ങളും ഹിന്ദുക്കളും ഉൾപ്പെടുന്ന ഭാഷാ വിഭാഗമായ ‘പഹാരികൾ’ക്ക് തെരഞ്ഞെടുപ്പ് സമയത്ത് അവരെ ആകർഷിക്കാൻ കേന്ദ്രം കഴിഞ്ഞ വർഷം പട്ടികവർഗ വിഭാഗത്തിൽ സംവരണം നൽകിയത് വിവാദമായിരുന്നു.
നിലവിലുള്ള സംവരണ നയത്തെ എതിർക്കുന്നവർ അവകാശപ്പെടുന്നത് ജമ്മു കശ്മീരിൽ 70 ശതമാനം സീറ്റുകളും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നുവെന്നാണ്. സർക്കാർ ഭേദഗതി വരുത്തിയില്ലെങ്കിൽ നിലവിലെ സംവരണ നയത്തിനെതിരായ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് നാഷണൽ കോൺഫറൻസ് നേതാവും ശ്രീനഗർ എം.പിയുമായ അഗ റുഹുല്ല മെഹ്ദി പ്രതിജ്ഞയെടുത്തു. മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനത്തിന് ലെഫ്റ്റനന്‍റ് ഗവർണറുടെ അനുമതി ലഭിക്കുമോയെന്ന് വ്യക്തമല്ല.
അതിനിടെ, ജമ്മുവിലെ കിഷ്ത്വാർ ജില്ലയിൽ അഞ്ച് സിവിലിയൻമാരെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സൈനികർക്കെതിരെ തെളിവുണ്ടെങ്കിൽ അവരെ കോടതിയിൽ ഹാജറാക്കാനും ശിക്ഷിക്കാനും ഉമർ സൈന്യത്തോട് ആവശ്യപ്പെട്ടു. ‘ഇത് വളരെ നിർഭാഗ്യകരമാണ്. നമ്മുടെ ആളുകൾ ഒന്നും പഠിച്ചിട്ടില്ല എന്നതാണ് പ്രശ്നം. സൈന്യം യാതൊരു അലംഭാവവും കാണിക്കില്ലെന്നും സുതാര്യമായ അന്വേഷണം നടത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. കുറ്റാരോപിതർക്കെതിരെ തെളിവുണ്ടെങ്കിൽ കോർട്ട് മാർഷൽ നടത്തി അവരെ എത്രയും വേഗം ശിക്ഷിക്കണം’ - ഉമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.