ജമ്മു കശ്മീർ എസ്.ഐ റിക്രൂട്ട്മെന്റ് ക്രമക്കേട്: 33 ഇടങ്ങളിൽ സി.ബി.ഐ പരിശോധന
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലേക്ക് സബ് ഇൻസ്‍പെക്ടർമരെ റിക്രൂട്ട് ചെയ്തതിൽ ക്രമക്കേട് ആരോപിച്ച് 33 ഇടങ്ങളിൽ ഇന്ന് സി.ബി.ഐ പരിശോധന. ജമ്മു കശ്മീർ സർവീസസ് സെലക്ഷൻ ബോർഡ് പരീക്ഷാ കൺട്രോളർ അശോക് കുമാറിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
ജമ്മു, ശ്രീനഗർ, ഹരിയാനയിലെ കർനാൽ, മഹേന്ദർഘട്, റെവാരി, ഗുജറാത്തിലെ ഗാന്ധിനഗർ, ഡൽഹി, യു.പിയിലെ ഗാസിയാബാദ്, കർണാടകയിലെ ബംഗളൂരു എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. എസ്.ഐ സെലക്ഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തുന്ന രണ്ടാംഘട്ട പരിശോധനയാണിത്.
ജമ്മു കശ്മീർ സർവീസസ് സെലക്ഷൻ ബോർഡ് 2022 മാർച്ച് 27ന് ജമ്മു കശ്മീർ പൊലീസിലെ സബ് ഇൻസ്പെക്ടർമാരുടെ തസ്തികകളിലേക്ക് നടത്തിയ എഴുത്തുപരീക്ഷയിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ജെ.കെ.എസ്.എഎസ്.ബി, ചോദ്യ പേംർ തയാറാക്കിയ ബംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ എന്നിവർ ഗൂഢാലോചന നടത്തി സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയിൽ വൻ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ജമ്മു, രജൗരി, സാംബ ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളിൽ മാർക്ക് അസാധാരണാം വിധം ഉയർന്ന ശതമാനമാണ് കാണപ്പെട്ടതെന്നും ആരോപണമുണ്ടെന്ന് സി.ബി.ഐ പറഞ്ഞു.
ഈ വർഷം ജൂൺ നാലിന് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത്. ആരോപണങ്ങൾ അന്വേഷിക്കാൻ ജമ്മു കശ്മീർ ഭരണകൂടം ഒരു അന്വേഷണ സമിതിക്ക് രൂപം നൽകി.
സംഭവത്തിൽ ജമ്മു കശ്മീർ ഭരണകൂടത്തിന്റെ അഭ്യർഥന പ്രകാരം 33 പ്രതികൾക്കെതിരെ സി.ബി.ഐ കേസെടുത്തു. ആഗസ്റ്റ് അഞ്ചിന് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർചെയ്തു. ബംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയെ ചോദ്യപേപ്പർ തയാറാക്കാൻ ഏൽപ്പിച്ചതിൽ ജെ.കെ.എസ്.എസ്.ബി ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണ ഏജൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.