ജമ്മു കശ്മീരിൽ സർക്കാറിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ സർക്കാറിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അധ്യാപകനെ സസ്പെൻഡ് ചെയ്തു. റാംബാൻ ജില്ലയിലെ സർക്കാർ സ്കൂൾ അധ്യാപകനായ ജോഗീന്ദർ സിങ്ങിനെയാണ് സസ്പെൻഡ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ സർക്കാറിന്‍റെ നയങ്ങളെ വിമർശിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി.
ജമ്മു കശ്മീർ ഭരണകൂടത്തിന്‍റെ നയങ്ങളെ വിമർശിച്ച് ജോഗീന്ദർ സിങ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ സർക്കാർ നയങ്ങളെ വിമർശിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ജോഗീന്ദർ ലംഘിച്ചു എന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
ഫെബ്രുവരി 17നാണ് സമൂഹമാധ്യമത്തിൽ സർക്കാർ നയങ്ങളെ വിമർശിക്കുന്നത് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ജീവനക്കാരുടെ സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ, പൊലീസ് പരിശോധനക്കായി സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ നൽകാൻ ജമ്മു കശ്മീർ ഭരണകൂടം ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.