വെടിനിര്‍ത്തല്‍ ലംഘനം: ഡെപ്യൂട്ടി ഹൈകമീഷണര്‍മാരെ വിളിച്ചുവരുത്തി ഇന്ത്യയും പാകിസ്താനും
text_fieldsന്യൂഡല്‍ഹി /ഇസ്ലാമാബാദ്: നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ച് പരസ്പരം ആരോപണമുന്നയിച്ച് ഇന്ത്യയും പാകിസ്താനും. ഇരു രാജ്യങ്ങളും ഡെപ്യൂട്ടി ഹൈകമീഷണര്‍മാരെ വിളിച്ചുവരുത്തി വീണ്ടും പ്രതിഷേധം അറിയിച്ചു. പാക് പ്രതിനിധിയെ വിളിച്ചുവരുത്തി രാജ്യത്തിന്‍െറ ഉത്കണ്ഠ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
നിയന്ത്രണരേഖയില്‍ പാക് ഭാഗത്തുനിന്ന് വെടിവെപ്പ് തുടരുന്ന സാഹചര്യത്തിലാണിത്. ഒരാഴ്ചക്കിടെ 16 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. സുരക്ഷാസേനയിലെ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. പ്രകോപനമില്ലാതെ പാക് ഭാഗത്തുനിന്നുള്ള ഷെല്ലാക്രമണത്തില്‍ സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ് പാകിസ്താന്‍ ഉന്നയിക്കുന്നത്. ഇന്ത്യന്‍ ഹൈകമീഷനിലെ എട്ട് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.
നയതന്ത്രരംഗത്തെ മാനദണ്ഡങ്ങളുടെ ലംഘനമാണ് പാകിസ്താന്‍െറ ഭാഗത്തുനിന്നുണ്ടായത്. ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ പാകിസ്താന്‍ ഉറപ്പാക്കണം. ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്താന്‍ വിദേശകാര്യ ഓഫിസിലേക്ക് വിളിച്ചുവരുത്തിയതിനുപിന്നാലെ ഇന്ത്യയും നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. സൗത്ത് ഏഷ്യ ആന്‍ഡ് സാര്‍ക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഫൈസലാണ് ഇന്ത്യന്‍ ഡെപ്യൂട്ടി കമീഷണര്‍ ജെ.പി. സിങ്ങിനെ പ്രതിഷേധം അറിയിച്ചത്.
ചൊവ്വാഴ്ച ഇന്ത്യന്‍ സേന ഖുയിരാറ്റ, ബട്ടല്‍ മേഖലയിലേക്ക് നടത്തിയ വെടിവെപ്പില്‍ സ്ത്രീയും പത്തുവയസ്സുള്ള ബാലികയും അടക്കം നാലു സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ആരോപണം. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍െറ പേരില്‍ രണ്ടാഴ്ചക്കിടെ ഇത് ആറാംതവണയാണ് പാകിസ്താന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി കമീഷണറെ വിളിച്ചുവരുത്തുന്നത്.
2003ലെ വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കണമെന്ന് മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇന്ത്യ 222 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നാണ് പാക് ആരോപണം. അതേസമയം, അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.