മുട്ടയടക്കമുള്ള മാംസാഹാരങ്ങൾക്ക് വിലക്കുമായി ജമ്മു കേന്ദ്ര സർവകലാശാല
text_fieldsന്യൂഡൽഹി: മുട്ടയടക്കമുള്ള മാംസഭക്ഷണം മുറികളിൽ പാകം ചെയ്യുന്നതിനും ഹോട്ടലിലിൽ നിന്നും മറ്റും കൊണ്ടുവരുന്നതിനും വിലക്കുമായി ജമ്മു കേന്ദ്ര സർവകലാശാല. പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഹോട്ടലിൽ നിന്നും വാങ്ങുന്ന മാംസഭക്ഷണത്തിന് പോലും വിലക്കേർപ്പെടുത്തിയത്. ലംഘിക്കുന്നവർക്ക് 2,000 രൂപ വരെ പിഴ ഈടാക്കുമെന്ന് ഹോസ്റ്റലിലെ ഔദ്യോഗിക വാട്സപ്പ് ഗ്രൂപ്പിലൂടെ വാർഡൻ നിർദേശം നൽകി. അറിയിപ്പ് ലഭിച്ചതിന് പിന്നാലെ വിദ്യാർഥികൾ പ്രതിഷേധമുയർത്തിയതോടെ നിർദേശം താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കുള്ളിൽ പുതിയ തീരുമാനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് വാർഡൻ അറിയിച്ചിട്ടുളളതെന്ന് സർവകലാശാലയിലെ മലയാളി പെൺകുട്ടികൾ പറഞ്ഞു.
ഹോസ്റ്റലിലെ കാന്‍റീനിൽ നിലവിൽ സസ്യഭക്ഷണം മാത്രമാണ് വിളമ്പുന്നത്. മാംസഭക്ഷണവും ഉൾപ്പെടുത്തണമെന്ന് വിദ്യാർഥികൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഉൾപ്പെടുത്താൻ തയാറായിട്ടില്ല. ഇതേത്തുടർന്ന് മാംസഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾ ഹോട്ടലിൽ നിന്നും വരുത്തിക്കുകയോ സ്വന്തം മുറികളിൽ പാകം ചെയ്യുകയോ ആണ് പതിവ്. എന്നാൽ, മുട്ട പോലും ഹോസ്റ്റലിലേക്ക് കൊണ്ടുവരരുത് എന്നാണ് പുതിയ നിർദേശത്തിലുള്ളതെന്ന് കുട്ടികൾ വ്യക്തമാക്കി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾ ജമ്മു കേന്ദ്ര സർവകലാശാലയിൽ പഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.