കശ്മീർ നാളെ ബൂത്തിലേക്ക്; ശ്രദ്ധാകേന്ദ്രമായി എൻജിനീയർ റാഷിദ്
text_fieldsശ്രീനഗർ: ജമ്മു-കശ്മീർ നാളെ പോളിങ് ബൂത്തിലേക്ക്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സെപ്റ്റംബർ 18നാണ്. രണ്ടാം ഘട്ടം 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനുമാണ്. കേന്ദ്രത്തിൽ മോദിയുടെ മൂന്നാമൂഴത്തിന്റെ ബലത്തിൽ ബി.ജെ.പി ശക്തമായ പോരിനിറങ്ങുന്ന കശ്മീരിൽ മുഖ്യ എതിരാളി നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യമാണ്. നാഷനൽ കോൺഫറൻസ് 56 സീറ്റിലും കോൺഗ്രസ് 38 സീറ്റിലും മത്സരിക്കുന്നുണ്ട്. ആറ് മണ്ഡലങ്ങളിൽ ഇരുപാർട്ടികളും തമ്മിൽ സൗഹൃദ മത്സരവുമുണ്ട്. ഈ മുന്നണിയുടെ ഭാഗമായി സി.പി.എം ഒരു സീറ്റിലും മത്സരരംഗത്തുണ്ട്. മെഹ്ബൂബ മുഫ്ത്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി 63 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുന്നു.
ജയിലിൽ കിടന്ന് മത്സരിച്ച് ലോക്സഭയിലെത്തിയ അവാമി ഇത്തിഹാദ് പാർട്ടി (എ.ഐ.പി) നേതാവ് എൻജിനീയർ റാഷിദ് എം.പി കശ്മീർ നിയമസഭ തെഞ്ഞെടുപ്പിൽ പുതിയ നീക്കങ്ങൾക്ക് തുടക്കമിട്ടതാണ് കൊട്ടിക്കലാശ ദിനത്തിലെ പ്രധാന സംഭവ വികാസം. കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ മുന്നണിക്കും ബി.ജെ.പിക്കും ബദലായി പുതിയ സഖ്യം രൂപപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ മുൻ നേതാക്കളുമായി ചർച്ച നടത്തി. 2019ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീർ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നിരോധനം അഞ്ച് വർഷത്തേക്കുകൂടി നീട്ടി.
അസംബ്ലി തെരഞ്ഞെടുപ്പിൽ ജമാഅത്തിന്റെ പല മുൻ നേതാക്കളും സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. ഇവരുമായി തെരഞ്ഞെടുപ്പ് ധാരണക്ക് എൻജിനീയർ റാഷിദിന്റെ പാർട്ടി ഒരുങ്ങിയതായാണ് വിവരം. ഇരു കക്ഷികളും പരസ്പരം സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചില മണ്ഡലങ്ങളിൽ ഇരുകൂട്ടരും മത്സരിക്കുന്നുണ്ട്. അവിടെ സൗഹൃദ മത്സരമായിരിക്കുമെന്നും നേതാക്കൾ പറയുന്നു.
കശ്മീരിൽ തീവ്രവാദം കുഴിച്ചുമൂടും –അമിത് ഷാ
ഗുലാബ്ഗർ: ജമ്മു-കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സമ്പൂർണമായും അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കിശ്ത്വാറിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ കടിഞ്ഞാണിട്ടിരിക്കുകയാണ്. എന്നാൽ, ചില കേന്ദ്രങ്ങൾ അത് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നു. തീവ്രവാദത്തെ കുഴിച്ചുമൂടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് സർക്കാർ രൂപവത്കരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.