സംസ്ഥാന പദവിക്കായി പ്രമേയം പാസാക്കി ജമ്മു കശ്മീർ മന്ത്രിസഭ; ചർച്ചക്കായി ഉമർ അബ്ദുല്ല ഡൽഹിയിലേക്ക്
text_fieldsശ്രീനഗർ: ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി ഉമർ അബ്ദുല്ല മന്ത്രിസഭ. മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്.
കൂടാതെ, സംസ്ഥാന പദവി പുനഃസ്ഥാപിക്കലിനെ കുറിച്ച് കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചർച്ച നടത്താൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി. പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്താൻ ഉമർ അബ്ദുല്ല വരും ദിവസം ഡൽഹിക്ക് പോകും.
അതേസമയം, സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ പ്രമേയത്തോട് പ്രതികരിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവ് വഹീദ് പാറ രംഗത്തെത്തി. 'സംസ്ഥാന പദവിക്കായുള്ള ഉമർ അബ്ദുല്ലയുടെ ആദ്യ പ്രമേയം 2019 ആഗസ്റ്റ് 15ലെ തീരുമാനത്തിന് ഇളവ് വരുത്തുന്നില്ല. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനത്തിൽ വോട്ട് തേടിയ ശേഷം, അതിന് വേണ്ടി പ്രമേയം കൊണ്ടുവരാത്തതും കേവലം സംസ്ഥാന പദവി എന്ന ആവശ്യത്തിലേക്ക് പരിമിതപ്പെടുത്തിയതും വലിയ തിരിച്ചടിയാണ്'-വഹീദ് പാറ എക്സിൽ കുറിച്ചു.
ഭരണഘടനയുടെ 370-ാം അനുച്ഛേദവും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നുമാണ് നാഷനൽ കോൺഫറൻസ് (എൻ.സി) പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തിനെതിരെ ആദ്യ നിയമസഭ സമ്മേളനത്തിൽ തന്നെ പ്രമേയം കൊണ്ടു വരുമെന്നും എൻ.സി ഉപാധ്യക്ഷൻ ഉമർ അബ്ദുല്ല പ്രഖ്യാപിച്ചിരുന്നു.
2000ൽ നിയമസഭ പാസാക്കിയ സ്വയംഭരണ പ്രമേയം പൂർണമായി നടപ്പാക്കാൻ ശ്രമിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. ഫറൂഖ് അബ്ദുല്ല മുഖ്യമന്ത്രിയായിരിക്കെ, നാഷനൽ കോൺഫറൻസ് സർക്കാർ 1953ന് മുമ്പുള്ള സംസ്ഥാനത്തിന്റെ ഭരണഘടന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കിയെങ്കിലും കേന്ദ്രത്തിലെ അടൽ ബിഹാരി വാജ്പേയി സർക്കാർ തള്ളുകയായിരുന്നു.
നവംബർ നാലിന് ശ്രീനഗറിൽ നിയമസഭ വിളിച്ചു ചേർക്കാനും സമ്മേളനത്തെ അഭിസംബോധ ചെയ്യാനും ലെഫ്റ്റനന്‍റ് ഗവർണറോട് മന്ത്രിസഭാ യോഗം ശിപാർശ ചെയ്തു. ഒക്‌ടോബർ 21ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമസഭ സാമാജികർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ പ്രൊടേം സ്പീക്കർ മുബാറക്ക് ഗുലിനെ നിയമിക്കണമെന്നും ലെഫ്റ്റനന്‍റ് ഗവർണറോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.