ജമ്മു കശ്മീർ: റാം മാധവിനും ജി. കിഷൻ റെഡ്ഡിക്കും ബി.ജെ.പി തെരഞ്ഞെടുപ്പ് ചുമതല
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു കശ്മീരിൽ പാർട്ടി തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന നേതാക്കളുടെ പേരുകൾ പുറത്തുവിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം. മുൻ ജനറൽ സെക്രട്ടറി റാം മാധവിനും കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡിക്കുമാണ് ദേശീയ അധ്യക്ഷൻ ജെ.പിയ നഡ്ഡ തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുള്ളത്.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.
ഇതിൽ സെപ്റ്റംബർ 18ന് 24 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചു. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 27നും സൂക്ഷ്മപരിശോധന ആഗസ്റ്റ് 28ഉം നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതി ആഗസ്റ്റ് 30ഉം ആണ്.
പാംപോർ, ത്രാൽ, പുൽവാമ, രാജ്പോറ, സൈനപോറ, ഷോപ്പിയാൻ, ഡി.എച്ച് പോറ, കുൽഗാം, ദേവ്സർ, ദൂരു, കൊകർനാഗ് (എസ്.ടി), അനന്ത്നാഗ് വെസ്റ്റ്, അനന്ത്നാഗ്, ശ്രീഗുഫ് വാര-ബിജ്ബെഹറ, ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ്, പഹൽഗാം, ഇന്ദർവാൾ, കിഷ്ത്വാർ, പാദർ-നാഗ്‌സേനി, ഭദർവാഹ്, ദോഡ, ദോഡ വെസ്റ്റ്, റംബാൻ, ബനിഹാൽ എന്നിവയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പിനാണ് ജമ്മു കശ്മീർ സാക്ഷ്യം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.