ജമ്മു -കശ്മീർ അവസാന ഘട്ട പോളിങ് 65.48 ശതമാനം
text_fieldsജമ്മു: ജമ്മു -കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ 65.48 ശതമാനം പോളിങ്. ഏഴ് ജില്ലകളിലെ 40 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെതന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര കാണാമായിരുന്നു. സംസ്ഥാനത്തെ വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും.
മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ ബേഗ് തുടങ്ങിയ പ്രമുഖരാണ് അവസാന ഘട്ടത്തിൽ ജനവിധി തേടിയത്. അന്താരാഷ്ട്ര അതിർത്തിയുടെയും നിയന്ത്രണ രേഖയുടെയും സമീപമുള്ള പ്രത്യേക ബൂത്തുകളിൽ ഉൾപ്പെടെ എല്ലായിടത്തും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നതെന്ന് അധികൃതർ പറഞ്ഞു. തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ 400 കമ്പനി സുരക്ഷ സൈനികരെ നിയോഗിച്ചിരുന്നു.
മൂന്നാം ഘട്ടത്തിൽ ഉധംപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് -72.91 ശതമാനം. സാംബ (72.41 ശതമാനം), കത്വ (70.53), ജമ്മു (66.79), ബന്ദിപോറ (63.33), കുപ്വാര (62.76), ബാരാമുള്ള (55.73) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ്. മണ്ഡലങ്ങളിൽ ജമ്മു ജില്ലയിലെ ഛാംബ് ആണ് ഒന്നാം സ്ഥാനത്ത്. 77.35 ശതമാനമാണ് ഇവിടത്തെ പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.