സർക്കാറില്ലാതെ ജമ്മു-കശ്മീർ ആറാം വർഷത്തിലേക്ക്
text_fieldsശ്രീനഗർ: ജമ്മു-കശ്മീർ കേന്ദ്രഭരണത്തിൻ കീഴിലായിട്ട് അഞ്ചു വർഷം പിന്നിട്ടു. 2018ൽ മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെച്ചതിനുശേഷം കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതിൽ ജമ്മു -കശ്മീരിൽ അമർഷം പുകയുകയാണ്. ബി.ജെ.പി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും നേരത്തേ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
2014ലാണ് ഇവിടെ അവസാനമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. 2018ൽ ബി.ജെ.പി പിന്തുണ പിൻവലിച്ചതോടെയാണ് മഹ്ബൂബയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ രാജിവെച്ചത്. 2019ൽ കേന്ദ്രസർക്കാർ കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു-കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു.
കശ്മീരിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന രണ്ടാമത്തെ രാഷ്ട്രപതി ഭരണകാലമാണിത്. 1990കളിൽ അഞ്ചുവർഷവും ഒമ്പതു മാസവും കശ്മീർ രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു. ഇത്തവണ അഞ്ചുവർഷം പൂർത്തിയാവുകയും ചെയ്തു.
കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് നടത്താൻ തയാറായിട്ടില്ല. ഇതിനർഥം കശ്മീരിലെ സ്ഥിതി ’90കളിലേതിനേക്കാൾ മോശമാണെന്നാണോ എന്ന് നാഷനൽ കോൺഫറൻസ് വക്താവ് ഇമ്രാൻ ദർ ചോദിച്ചു.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും എന്നാൽ, ജമ്മു-കശ്മീർ ആരംഭിക്കുന്നിടത്ത് ജനാധിപത്യം അവസാനിക്കുകയാണെന്നും ആക്ഷേപഹാസ്യ രൂപത്തിൽ നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. ജനാധിപത്യത്തിന്റെ മാതാവ് എന്നു വിശേഷിപ്പിക്കുന്നതിൽ രാജ്യവും നേതൃത്വവും ലജ്ജിക്കണമെന്ന് പി.ഡി.പി വക്താവ് മോഹിത് ബാൻ പറഞ്ഞു.
അതേസമയം, അന്തരിച്ച മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെ പ്രകീർത്തിച്ച് ബി.ജെ.പി ജമ്മു- കശ്മീർ അധ്യക്ഷൻ രവീന്ദർ റെയ്ന രംഗത്തെത്തി. സമാധാനത്തെ കുറിച്ച് സംസാരിച്ചിരുന്ന ഉന്നതനായ നേതാവായിരുന്നു അദ്ദേഹമെന്ന് റെയ്ന പറഞ്ഞു.
പാർട്ടി നേതാക്കൾക്കൊപ്പം അനന്ത്നാഗ് ജില്ലയിലെ മുഫ്തി മുഹമ്മദ് സയീദിന്റെ ഖബറിടം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരികളുടെ സമ്മതി നേടിയെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമമായാണ് റെയ്നയുടെ പ്രശംസയെ പലരും കാണുന്നത്. പി.ഡി.പി -ബി.ജെ.പി സഖ്യസർക്കാറിലെ മുഖ്യമന്ത്രിയായിരുന്ന സയീദ് 2016ലാണ് നിര്യാതനായത്.
ലഡാക്ക് പ്രതിനിധിസംഘം കേന്ദ്ര സഹമന്ത്രിയെ കണ്ടു
ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി, ലേക്കും കാർഗിലിനും പ്രത്യേക ലോക്സഭ സീറ്റുകൾ, പ്രാദേശിക യുവാക്കൾക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലഡാക്കിൽനിന്നുള്ള ആറംഗ പ്രതിനിധിസംഘം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയെ കണ്ടു.
ലഡാക്കിലെ ഭൂമിയുടെയും തൊഴിലിന്റെയും സംരക്ഷണം ഉറപ്പാക്കാൻ ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിത്യാനന്ദ് റായിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു.
എന്നാൽ, ലേ, കാർഗിൽ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി സാമൂഹിക-മത, രാഷ്ട്രീയ, യുവജന സംഘടനകൾ സമിതിയുമായി സഹകരിക്കാൻ തയാറായിരുന്നില്ല. ആവശ്യങ്ങൾ ചർച്ചചെയ്തെന്നും ഉന്നതാധികാര സമിതിയുടെ ഘടനയോടുള്ള എതിർപ്പ് അറിയിച്ചുവെന്നും പ്രതിനിധി സംഘത്തിലെ സജ്ജാദ് ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.