സഖ്യം പൊളിഞ്ഞു; ദുരന്തമായി കശ്മീർ
text_fieldsന്യൂഡൽഹി: ബി.ജെ.പി പിന്തുണ പിൻവലിക്കുകയും കാലാവധി പൂർത്തിയാക്കാതെ മഹ്ബൂബ മുഫ്തി മന്ത്രിസഭ രാജിവെക്കുകയും ചെയ്തത് അപ്രതീക്ഷിതമല്ല. രാഷ്ട്രീയ നിലപാടുകളിൽ ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു പാർട്ടികൾ ഏച്ചുകെട്ടിയ ബന്ധം ഇത്രകാലം തുടരുമെന്ന് ആരും കരുതിയതല്ല. എന്നാൽ, താഴ്വരയിലെ സ്ഥിതി ഇനി കൂടുതൽ ആശങ്കാജനകമാവുകയാണ്.
കശ്മീരിൽ ഉരുക്കുമുഷ്ടി പ്രയോഗം ശക്തമാക്കണമെന്ന ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിെൻറയും തീരുമാനത്തിെൻറ തുടർച്ചയാണ് പിന്തുണ പിൻവലിക്കൽ. റമദാനിലെ വെടിനിർത്തൽ നീട്ടുകയില്ലെന്ന പ്രഖ്യാപനവും നിലപാട് കർക്കശമാക്കുന്നതിെൻറ തെളിവാണ്. കശ്മീരിൽ പി.ഡി.പിയുടെ സമ്മർദത്തിനു വഴങ്ങി വിട്ടുവീഴ്ചകൾക്കു തയാറാകുന്നുവെന്ന വിമർശനം ബി.ജെ.പിക്കുള്ളിൽനിന്നുതന്നെ ഉയർന്നപ്പോൾ സ്വരം മാറ്റുകയാണ് കേന്ദ്രനേതൃത്വം. കശ്മീർ വിഷയത്തിൽ സൈനികേതരമായി ഒന്നും ചെയ്യാതെ, രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽനിന്ന് കൈ കഴുകുകയുമാണ്.
ബി.ജെ.പിയുടെ കശ്മീർ തന്ത്രങ്ങൾ ഒാരോന്നായി പൊളിഞ്ഞ സ്ഥിതികൂടിയാണ് വെളിപ്പെടുന്നത്. അടിച്ചമർത്തൽ നീക്കങ്ങൾവഴി കലാപഭൂമിയായി മാറിയ താഴ്വര ബുർഹാൻ വാനിയുടെ വധത്തിനു ശേഷം തീർത്തും കലങ്ങി. പെല്ലറ്റ് പ്രയോഗങ്ങൾക്കോ മറ്റ് അടിച്ചമർത്തൽ രീതികൾക്കോ താഴ്വരയിൽ കൃത്രിമ ശാന്തതപോലും കൊണ്ടുവരാനായില്ല. ഉരുക്കുമുഷ്ടി പുറത്തെടുക്കുകയല്ല, സാന്ത്വന സ്പർശമാണ് കശ്മീരിനു വേണ്ടതെന്ന് പ്രതിപക്ഷ പാർട്ടികൾ ഒറ്റസ്വരത്തിൽ ഒാർമിപ്പിച്ചതാണ്.
എന്നാൽ, അതിനൊന്നും തയാറാകാതെ ബി.ജെ.പി കടുംപിടിത്തം തുടർന്നപ്പോൾ, കശ്മീരികളുടെ വികാരം പേറുന്നുവെന്ന് അവകാശപ്പെട്ട പി.ഡി.പി പ്രതിക്കൂട്ടിലായി. ബി.ജെ.പി ചങ്ങാത്തം മൂലം ജനപിന്തുണ ഒലിച്ചു പോയി പി.ഡി.പി പാപ്പരായി.വിമതരുമായി ചർച്ചക്കും വിശ്വാസവർധക നടപടികൾക്കും വേണ്ടി ബി.ജെ.പിയോട് വാദിച്ചു തോറ്റു. അക്രമം അവസാനിച്ചു വരുന്നവരുമായി സംഭാഷണം നടത്താമെന്ന ബി.ജെ.പിയുടെ സമീപനം താഴ്വരയിൽ വിലപ്പോവുന്നില്ല. സർവകക്ഷി സംഘത്തിെൻറ സമ്മർദങ്ങൾക്ക് വഴങ്ങി മധ്യസ്ഥനെ വെച്ചു. മധ്യസ്ഥൻ നോക്കുകുത്തിയായതു മിച്ചം.
കശ്മീരിൽ സൈന്യത്തിെൻറയും യുവാക്കളുടെയും ചോരയൊഴുകുന്നു. പാകിസ്താനുമായുള്ള ബന്ധങ്ങളും അതിർത്തി സാഹചര്യങ്ങളും അങ്ങേയറ്റം മോശമായി നിൽക്കുന്നു. വിശ്വാസവർധക നടപടിയുടെ ഭാഗമായി ആറു മാസം വെടിനിർത്തൽ നീട്ടിക്കൊണ്ടു പോകാൻ വാജ്പേയിയുടെ കാലത്ത് കഴിഞ്ഞെങ്കിൽ, മഹ്ബൂബയുടെ നിർബന്ധത്തിനു വഴങ്ങി പ്രഖ്യാപിച്ച വെടിനിർത്തൽ ഒരു മാസത്തിനപ്പുറത്തേക്ക് നീട്ടാൻ േമാദിസർക്കാർ താൽപര്യപ്പെട്ടില്ല. ഗവർണർ ഭരണത്തിനു കീഴിൽ പുതിയ അടിച്ചമർത്തലുകളാണ് താഴ്വരയിലെ ജനങ്ങൾ ഭയക്കുന്നത്. സൈനിക നീക്കങ്ങളല്ലാതെ, സാന്ത്വന സ്പർശം ബി.ജെ.പിയുടെ അജണ്ടയിൽ ഇല്ല. കശ്മീർ ഇന്ന് അനുഭവിക്കുന്നത് കൂടിയ സ്വാതന്ത്ര്യമാണെന്ന കാഴ്ചപ്പാടാണ് ബി.ജെ.പിക്ക്.
കശ്മീർ കൈവിട്ട കളിയാക്കി മാറ്റിയ കേന്ദ്രസർക്കാർ ജനാധിപത്യ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതിലും പരാജയപ്പെട്ടു. ഒഴിവുവന്ന അനന്തനാഗ് ലോക്സഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പു നടത്താൻ കഴിഞ്ഞിട്ടില്ല. നിയമസഭ മരവിപ്പിച്ചു നിർത്തി ഗവർണർ ഭരണം അനിശ്ചിതകാലം മുന്നോട്ടു കൊണ്ടുപോകാനല്ലാതെ, ഉടനടി നിയമസഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങാനും കഴിയില്ല. ഒരു വർഷം ബാക്കിയില്ലാത്ത ലോക്സഭ തെരഞ്ഞെടുപ്പ് ജമ്മു-കശ്മീരിൽ എത്രത്തോളം ജനാധിപത്യപരമായി നടത്താൻ കഴിയുമെന്ന കടുത്ത ആശങ്കയും ബാക്കി. സൈന്യത്തിെൻറ നിയന്ത്രണത്തിലുള്ള പൊതുതെരഞ്ഞെടുപ്പിലേക്കാണ് ജമ്മു-കശ്മീർ നീങ്ങുന്നത്.
ബി.ജെ.പി തെരഞ്ഞെടുത്ത സമയം തന്ത്രപരം
ന്യൂഡൽഹി: പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ ബി.ജെ.പി തെരഞ്ഞെടുത്ത സമയത്തെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച സജീവം. ലോക്സഭ തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് ബി.ജെ.പി തന്ത്രപൂർവം തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ദേശീയതാ പ്രകടനത്തിെൻറ തുറുപ്പു ചീട്ടായി കശ്മീർ മാറും.
കശ്മീരിലെ സൈനിക നടപടികൾ മോദിസർക്കാറിെൻറ ദേശീയതക്കും കരുത്തിനും തെളിവായി ഉയർത്തിക്കാട്ടും. കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയുന്നതു സംബന്ധിച്ച ചർച്ചകളും ഇനി ചൂടുപിടിക്കും. അധികാരം പങ്കിടുന്ന ഘട്ടത്തിൽ ഇതിനെല്ലാം പരിധിയുണ്ടായിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് കശ്മീർ പൂർണമായും ബി.ജെ.പി നിയന്ത്രിത രാഷ്ട്രീയ അജണ്ടയായി മാറും.
പി.ഡി.പിയുമായി സഖ്യമുണ്ടാക്കാനും കശ്മീരിൽ അധികാരം പങ്കിടാനും മൂന്നുവർഷം മുമ്പ് എടുത്തു ചാടിയത് ബി.ജെ.പിയാണ്. ഇപ്പോഴാകെട്ട, പിന്തുണ പിൻവലിക്കുന്നതിൽ പി.ഡി.പിക്ക് ഒരു മുഴം മുേമ്പ എറിയുകയാണ് ബി.ജെ.പി ചെയ്തത്. അതുവഴി പി.ഡി.പി ഉന്നയിച്ചേക്കാവുന്ന ആരോപണങ്ങളുടെ കുന്തമുന അവർക്കെതിരെ തിരിച്ചുവെക്കാനും ബി.ജെ.പി ശ്രദ്ധിച്ചു.
വെടിനിർത്തൽ, വിശ്വാസ വർധക നടപടികൾ, സൈനിക നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പിയെ പി.ഡി.പി പ്രതിസ്ഥാനത്തു നിർത്തുന്ന അവസ്ഥ ഉണ്ടായിരുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ, ജമ്മു-കശ്മീരിലും പുറത്തും സ്വന്തം വോട്ടുബാങ്കിെൻറ വിശ്വാസ്യത ആർജിക്കാനും പി.ഡി.പി ബന്ധം അവസാനിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. കശ്മീരിലെ അക്രമങ്ങൾ പി.ഡി.പി പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ഇനി ബി.ജെ.പി ശക്തമാക്കും.
പി.ഡി.പിയെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പി
ന്യൂഡൽഹി: കശ്മീർ സാഹചര്യങ്ങൾക്ക് സഖ്യകക്ഷിയായ പി.ഡി.പിയെ പ്രതിക്കൂട്ടിലാക്കി ബി.െജ.പി. കശ്മീരിലെ ഇന്നത്തെ സാഹചര്യങ്ങളുടെ ഉത്തരവാദിത്തം പി.ഡി.പിക്കാണെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ് കുറ്റപ്പെടുത്തി. സഖ്യം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും പി.ഡി.പിയുമായി ഒത്തുപോകാൻ കഴിയില്ലെന്ന് രാം മാധവ് പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കുകവഴി ഭീകരർക്കും വിഘടനവാദികൾക്കും ഒരവസരം നൽകുകയാണ് ചെയ്തത്. എന്നാൽ, അതിന് തത്തുല്യനിലയിൽ പ്രതികരണം ഉണ്ടായില്ല. സഖ്യത്തിന് തീരുമാനിച്ചപ്പോൾ രണ്ടു പ്രധാന ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാനത്ത് പുരോഗതിയും സമാധാനവും ഉണ്ടാകണം.
എന്നാൽ, ഭീകരതയും അക്രമവും വർധിച്ചു. ജനങ്ങളുടെ മൗലിക അവകാശങ്ങൾ അപകടത്തിലായി. ശുജാഅത്ത് ബുഖാരിയുടെ കൊല അതിന് ഉദാഹരണമാണ്. സംസ്ഥാനത്തെ സാഹചര്യങ്ങൾ ബി.ജെ.പി അവലോകനം ചെയ്തു. സർക്കാർ രൂപവത്കരിച്ച ശേഷം എന്തെല്ലാം നേടിയെന്ന് പരിശോധിച്ചു. പി.ഡി.പിയുമായി ഒത്തുപോകാൻ പറ്റില്ലെന്ന് തീരുമാനിച്ചു. ജമ്മുവിലും ലഡാക്കിലുമുള്ള ജനങ്ങൾ വിവേചനം നേരിടുകയാണ് -രാം മാധവ് പറഞ്ഞു.
പി.ഡി.പിക്കു മുേമ്പ സഖ്യം അവസാനിപ്പിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി പുറത്തെടുത്തത്. സംസ്ഥാനത്തെ പാർട്ടി എം.എൽ.എമാരെ ഇതിെൻറ ഭാഗമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഡൽഹിക്ക് വിളിച്ചിരുന്നു. അവരും അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് പിന്തുണ പിൻവലിക്കുന്നതായി രാംമാധവ് വാർത്തസേമ്മളനത്തിൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.