കേന്ദ്രവുമായുള്ള ഇടപെടൽ: പുതിയ സർക്കാർ ഇടുങ്ങിയ സമീപനം സ്വീകരിക്കേണ്ടതില്ലെന്ന് തരിഗാമി
text_fieldsശ്രീനഗർ: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറുമായുള്ള ഇടപെടലിൽ ജമ്മു-കശ്മീരിലെ പുതിയ സർക്കാർ ഇടുങ്ങിയ സമീപനം സ്വീകരിക്കേണ്ടതില്ലെന്ന് സി.പി.എം നേതാവും കശ്മീരിലെ നിയുക്ത എം.എൽ.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമി.
പക്ഷേ, ജനങ്ങളുടെ ആവശ്യങ്ങൾ സാധ്യമായ രീതിയിലെല്ലാം കേന്ദ്രത്തെ അറിയിക്കണം. കശ്മീരിലെ യഥാർഥ അവസ്ഥ അവരെ ബോധ്യപ്പെടുത്തണം. ജമ്മു-കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളുടെ പുനഃസ്ഥാപനം പ്രധാനമാണെന്നും വാർത്ത ഏജൻസിയുമായുള്ള അഭിമുഖത്തിൽ തരിഗാമി വ്യക്തമാക്കി. തുടർച്ചയായി അഞ്ചാം തവണയാണ് തരിഗാമി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി തരംതാഴ്ത്തുകയായിരുന്നു. ഒരു വലിയ മുനിസിപ്പാലിറ്റി പോലെയാക്കി സംസ്ഥാനത്തെ മാറ്റി. പലവിധത്തിൽ നിയമസഭയുടെ അധികാരങ്ങൾ ഇല്ലാതാക്കി. കേന്ദ്ര നോമിനിക്ക് കൂടുതൽ അധികാരങ്ങൾ നൽകി. പുതിയ സർക്കാറാണ് ജനങ്ങളുടെ ഒരേയൊരു പ്രതീക്ഷ. അവരെ ഞങ്ങൾ നിരാശരാക്കില്ല. ജനങ്ങൾ നൽകിയ അംഗീകാരം മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. ജനങ്ങളുടെ സ്നേഹവും അവരുമായുള്ള ദീർഘനാളത്തെ ബന്ധവുമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നും തരിഗാമി അഭിപ്രായപ്പെട്ടു.
ഇത്തവണ മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് തരിഗാമി പ്രതികരിച്ചു. മുമ്പും അത്തരം വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അത് പാർട്ടി അംഗീകരിച്ചില്ല. കേന്ദ്രത്തിൽനിന്ന് പ്രതിബന്ധങ്ങളും പ്രയാസങ്ങളുമുണ്ടായാൽ അതെല്ലാം ഒറ്റക്കെട്ടായി നേരിടുമെന്ന് തരിഗാമി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.