ജനാർദന റെഡ്ഡി ബെല്ലാരിയിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തേണ്ടെന്ന് സുപ്രിംകോടതി
text_fieldsബംഗളൂരു: വോട്ടുചെയ്യാനും തെൻറ സഹോദരന്മാരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി ബെള്ളാരിയിൽ പ്രവേശിക്കാൻ അനുമതി തേടി ഖനി അഴിമതി വീരൻ ഗാലി ജനാർദന റെഡ്ഡി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജാമ്യവ്യവസ്ഥയിൽ 10 ദിവസത്തെ ഇളവാണ് ഹരജിയിൽ തേടിയത്. നേരത്തെ, ഖനന അഴിമതിക്കേസിൽ സുപ്രീംകോടതി നൽകിയ ജാമ്യത്തിൽ കഴിയുകയാണ് റെഡ്ഡി. സ്വന്തം നാടായ ബെള്ളാരിയിൽ പ്രവേശിക്കരുതെന്നാണ് ജാമ്യ വ്യവസ്ഥ.
സഹോദരന്മാരായ സോമശേഖര റെഡ്ഡി ബെള്ളാരി സിറ്റി മണ്ഡലത്തിലും കരുണാകര റെഡ്ഡി ബെള്ളാരിയിലെ ഹാരപ്പനഹള്ളി മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. ബെള്ളാരിയിൽ ജനാർദന റെഡ്ഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്നാണ് കോടതി നിരീക്ഷണം.
റെഡ്ഡി സഹോദരന്മാർക്ക് സ്വാധീനമുള്ള ബെള്ളാരി മേഖലയിൽ ജനാർദന റെഡ്ഡി പ്രചാരണത്തിനിറങ്ങിയാൽ അത് നേട്ടമാകുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിെൻറ വിലയിരുത്തൽ. ബി.ജെ.പിക്ക് വേണ്ടി റെഡ്ഡി പരസ്യപ്രചാരണത്തിനിറങ്ങുന്നതും നേതാക്കളുമായി വേദി പങ്കിടുന്നതും ദേശീയ നേതൃത്വം വിലക്കിയിട്ടുണ്ടെങ്കിലും പാർട്ടിക്കുവേണ്ടിയല്ല, അടുപ്പക്കാർക്ക് വേണ്ടിയാണ് റെഡ്ഡി പ്രചാരണം നടത്തുന്നതെന്നാണ് സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പയുടെ വിശദീകരണം.
റെഡ്ഡി സഹോദരന്മാരുമൊത്ത് വേദി പങ്കിടുന്നതൊഴിവാക്കാൻ അമിത് ഷാ ബെള്ളാരി പര്യടനത്തിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ, വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാലി സോമശേഖര റെഡ്ഡിയുമായി വേദി പങ്കിട്ടത് വിമർശനം ക്ഷണിച്ചുവരുത്തി. ജനാർദന റെഡ്ഡിയുടെ ഖനനക്കേസുമായി ബന്ധപ്പെട്ട് ജഡ്ജിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചതിന് സി.ബി.െഎ അന്വേഷണം നേരിടുന്നയാളാണ് സഹോദരനായ സോമശേഖർ റെഡ്ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.