പാത്രംകൊട്ടി കോവിഡിനെ വരവേറ്റ ജനത കർഫ്യൂവിന് ഒരു വയസ്; പരിഹാസവുമായി സമൂഹ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് ലോക്ഡൗണിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പാത്രം കൊട്ടി ആഘോഷിച്ച ജനത കർഫ്യൂവിന് ഒരു വയസ്. ജനത കർഫ്യൂവിനെ പരിഹസിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗിൽ വിഡിയോകൾ പങ്കുവെച്ചെത്തി. ജനത കർഫ്യൂവിന് ശേഷം കോവിഡ് ഒഴിഞ്ഞുപോകുമെന്ന് വിശ്വസിച്ച തങ്ങൾ ഒരു വർഷമായി മഹാമാരിയുടെ ദുരിതത്തിലാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.
2020 മാർച്ച് 22ന് രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുമണിവരെയായിരുന്നു ജനത കർഫ്യൂ. ഈ സമയങ്ങളിൽ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും വൈകിട്ട് അഞ്ചുമണിക്ക് പാത്രം കൊട്ടണമെന്നായിരുന്നു (താലി ബജാവോ) ആഹ്വാനം. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ട് ബാൽക്കണിയിലിരുന്ന് പാത്രം കൊട്ടാനായിരുന്നു ആഹ്വാനം. എന്നാൽ, സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജനങ്ങൾ തെരുവിലറങ്ങി. പാത്രം കൊട്ടലും ജാഥയുമായായിരുന്നു ജനത കർഫ്യൂവിനെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആഘോഷിച്ചത്. ജനത കർഫ്യൂവിന് പാത്രം കൊട്ടുന്ന വിഡിയോകൾ പലരും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ വൈറലായ വിഡിയോകളാണ് പലരും ഹാഷ്ടാഗിലൂടെ വാർഷിക ദിനത്തിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
14 മണിക്കൂർ നീണ്ട ജനത കർഫ്യൂ പ്രഖ്യാപനത്തിന്‍റെ സമയത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 169 േകാവിഡ് കേസുകളും നാലുമരണവുമായിരുന്നു. എന്നാൽ ഒരു വർഷം തികയുേമ്പാൾ പ്രതിദിനം രാജ്യത്ത് റിേപ്പാർട്ട് ചെയ്യുന്ന കോവിഡ് ബാധിതരുടെ എണ്ണം 47,000 കടന്നു. 2020 മാർച്ച് 24 മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു. പ്രതിദിനം ഒരുലക്ഷത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യവുമുണ്ടായി.
മഹാഭാരതയുദ്ധം ജയിച്ച് 18 ദിവസം കൊണ്ടാണെങ്കിൽ 21 ദിവസംകൊണ്ട് കോവിഡിനെതിരായ യുദ്ധം ഇന്ത്യ വിജയിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാൽ, ഒരു വർഷം തികയുേമ്പാൾ രാജ്യം വീണ്ടും കോവിഡിൻറെ രണ്ടാം വരവിന്‍റെ വക്കിലാണെന്നതാണ് വസ്തുത. കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായിത്തുടങ്ങിയെന്നതാണ് ആശ്വസിക്കാവുന്ന കാര്യം.
മാർച്ച് 24ന് 21 ദിവസത്തെ േലാക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും പിന്നീട് മൂന്നുതവണ ലോക്ഡൗൺ നീട്ടി. മേയ് 18ന് അവസാന ഘട്ട ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ജൂൺ ഒന്നുമുതൽ രാജ്യത്ത് അൺലോക് പ്രക്രിയ ആരംഭിച്ചു. ലോക്ഡൗണിൽ പ്രധാനമായും വലഞ്ഞത് അന്തർ സംസ്ഥാന തൊഴിലാളികളും പ്രവാസികളുമായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് നാട്ടിലെത്താൻ സാധിക്കാതെ പലരും പ്രയാസപ്പെട്ടു. പ്രവാസികൾക്കായി പിന്നീട് വന്ദേ ഭാരത് മിഷൻ ആരംഭിച്ചു. എന്നാൽ അന്തർ സംസ്ഥാന തൊഴിലാളികൾ കിലോമീറ്ററുകൾ നടന്നു താണ്ടുകയായിരുന്നു. പലരും പാതി വഴിയിൽ പിന്മാറുകയും മരിച്ചുവീഴുകയും ചെയ്തു. രാജ്യത്ത് വലിയൊരു കോവിഡ് വ്യാപനത്തിനും ഇത് വഴിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.