ജനതാദൾ-എസ് എൻ.ഡി.എയിൽ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജനതാദൾ എസ് (ജെ.ഡി.എസ്) എൻ.ഡി.എ മുന്നണിയിൽ ചേർന്നു. കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി, മകൻ നിഖിൽ കുമാരസ്വാമി എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എൻ.ഡി.എ മുന്നണിയിൽ ചേർന്നതായി പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പങ്കെടുത്തു. എൻ.ഡി.എയുടെ ഭാഗമാകാനുള്ള ജെ.ഡി.എസ് തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്നും പുതിയ ഇന്ത്യ ശക്തിയാര്‍ന്ന ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂടിക്കാഴ്ചക്ക് പിന്നാലെ ബി.ജെ.പി അധ്യക്ഷൻ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
പ്രാഥമിക വിഷയങ്ങളാണ് ഇപ്പോൾ ചർച്ചചെയ്തതെന്നും മറ്റു കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്നും കൂടിക്കാഴ്ചക്ക് പിന്നാലെ കുമാരസ്വാമി പ്രതികരിച്ചു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ജെ.ഡി.എസ് ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എൻ.ഡി.എയുടെ മുന്നണിയുടെ ഭാഗമാകുന്നത്. മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ 224 അംഗ നിയമസഭയിൽ ജെ.ഡി.എസിന് 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും. ജെ.ഡി.എസ് എൻ.ഡി.എയുടെ ഭാഗമാകുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ യെദിയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള ഘടകം എൻ.ഡി.എയിലേക്കില്ല
തിരുവനന്തപുരം: എൻ.ഡി.എയുടെ ഭാഗമായ ജെ.ഡി.എസ് ദേശീയ നേതൃത്വത്തിനൊപ്പമില്ലെന്ന് ജെ.ഡി.എസ് കേരള ഘടകം. എൻ.ഡി.എയുടെ ഭാഗമാകില്ലെന്നും എൽ.ഡി.എഫിൽ തുടരുമെന്നും സംസ്ഥാന പ്രസിഡൻറ് മാത്യു ടി. തോമസ് വ്യക്തമാക്കി. ദേശീയനേതൃത്വം എൻ.ഡി.എ പാളയത്തിലേക്ക് പോയതോടെ കേരളഘടകത്തിന്റെ ഇനിയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഒക്ടോബർ ഏഴിന് സംസ്ഥാനസമിതി യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.