പൗരത്വ നിയമഭേദഗതി: ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശനം മാറ്റി; ഹൈകമീഷണറെ വിളിപ്പിച്ച് ബംഗ്ലാദേശ്
text_fieldsന്യൂഡൽഹി: പൗരത്വ നിയമഭേദഗതിമൂലം നയതന്ത്ര രംഗത്ത് കൂടുതൽ പിരിമുറുക്കം. ഇന്ത്യ, ജപ്പാൻ പ്രധാനമന്ത്രിമാരുടെ ഗുവാഹതി ഉച്ചകോടി അനിശ്ചിതമായി മാറ്റിവെച്ചു. മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുന്നായി ഐക്യരാഷ്ട്രസഭ.
ബംഗ്ലാദേശ് അസിസ്റ്റൻറ് ഹൈകമീഷണർ ഷാ മുഹമ്മദ് തൻവീർ മൻസൂറിെൻറ വാഹനവ്യൂഹം ഗുവാഹതിയിൽ ജനക്കൂട്ടം ആക്രമിച്ച സംഭവത്തിൽ ധാക്കയിലെ ഇന്ത്യൻ ഹൈകമീഷണർ റിവ ഗാംഗുലി ദാസിനെ വിളിച്ചുവരുത്തി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചു; കൂടുതൽ സുരക്ഷ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഞായറാഴ്ച മുതൽ മൂന്നു ദിവസത്തെ വാർഷിക ഉച്ചകോടി ചർച്ചകൾ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പൗരത്വ നിയമഭേദഗതിയിൽ ജപ്പാനുള്ള അതൃപ്തി പ്രകടമാക്കി ഷിൻസോ ആബെ യാത്ര റദ്ദാക്കുന്നതായി ജപ്പാനിൽനിന്നടക്കം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ‘വൈകാതെത്തന്നെ സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് ഉച്ചകോടി മാറ്റിവെക്കാൻ ഇരുപക്ഷവും തീരുമാനിച്ചു’വെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ വിശദീകരിച്ചത്. ഗുവാഹതിയിലെ അക്രമ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഉച്ചകോടിയുടെ വേദി ഡൽഹിയിലേക്കോ മറ്റോ മാറ്റാൻ തടസ്സമില്ലാതിരുന്നിട്ടും ജപ്പാൻ പ്രധാനമന്ത്രിയുടെ യാത്ര മാറ്റിവെച്ചത് ശ്രദ്ധേയമാണ്.
ബംഗ്ലാദേശിൽ ന്യൂനപക്ഷ പീഡനം നടക്കുന്നുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മറ്റും പ്രസ്താവനകളിൽ ബംഗ്ലാദേശിന് നീരസമുണ്ട്. വിദേശകാര്യ മന്ത്രി അബ്ദുൽ മുഅ്മിൻ, ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ എന്നിവരുടെ ഡൽഹി സന്ദർശനം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹൈകമീഷണറെ വിളിച്ചുവരുത്തിയത്. ന്യൂനപക്ഷ പീഡനമെന്ന ആഭ്യന്തര മന്ത്രിയുടെയും മറ്റും പരാമർശത്തിനെതിരെ പാകിസ്താനും രംഗത്തുവന്നിരുന്നു. അഫ്ഗാനിസ്താനും അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് സൂചന.
മുസ്ലിം വിവേചനം –യു.എൻ
മുസ്ലിംകളോട് വിവേചനം കാട്ടുന്നതാണ് പൗരത്വ നിയമഭേദഗതിയെന്ന് ഐക്യരാഷ്ട്ര സഭ. അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ള നിയമഭേദഗതി പുനഃപരിശോധിക്കാൻ യു.എൻ മനുഷ്യാവകാശ കാര്യാലയം മോദിസർക്കാറിനോട് അഭ്യർഥിച്ചു. മനുഷ്യാവകാശപരമായ ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യത മാനിക്കുന്നതാണോ നിയമഭേദഗതിയെന്ന് സുപ്രീംകോടതി ശ്രദ്ധാപൂർവം പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.എൻ മനുഷ്യാവകാശ വിഭാഗം വക്താവ് ജെറമി ലോറൻസ് ജനീവയിൽ പറഞ്ഞു.
മതസ്വാതന്ത്ര്യം സംരക്ഷിക്കണം –അമേരിക്ക
ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാൻ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് വാഷിങ്ടണിൽ പറഞ്ഞു. മതസ്വാതന്ത്ര്യവും തുല്യതാപൂർവമായ സമീപനവും ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയുടെയും അമേരിക്കയുടെയും അടിസ്ഥാന തത്ത്വങ്ങളാണെന്ന് വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.