'എന്‍റെ ലൈംഗിക ദൃശ്യങ്ങൾ പുറത്തുവിട്ടത് ഡി.കെ ശിവകുമാർ'; ആരോപണവുമായി ബി.ജെ.പി മന്ത്രി
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പി മന്ത്രി രമേശ് ജാർകിഹോളിയുടെ ലൈംഗിക ദൃശ്യങ്ങൾ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. തന്‍റെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ഡി.കെ. ശിവകുമാറാണെന്നും ഷണ്ഡനായ അദ്ദേഹം തന്നെ മാനംകെടുത്തുകയാണെന്നും ജാർക്കിഹോളി ആരോപിച്ചു. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ താഴെയിറക്കാൻ വിമത നീക്കത്തിന് നേതൃത്വം നൽകിയ നേതാവായ രമേശ് ജാർക്കിഹോളി ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
എന്നാൽ ജാർക്കിഹോളിക്ക് മനോവിഭ്രാന്തിയാണെന്നും ഭരണത്തിലുള്ള ബി.ജെ.പി സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും ശിവകുമാർ പ്രതികരിച്ചു. ഇന്നലെ ബെൽഗാവിയിൽ വെച്ച് ജാർക്കിഹോളിയുടെ അകടമ്പടി വാഹനത്തെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചിരുന്നു.
രമേശ് ജാർകിഹോളിക്കെതിരെ നിലപാട് കടുപ്പിച്ച് യുവതി ഇന്ന് രംഗത്തെത്തിയിരുന്നു. താൻ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ആത്മഹത്യ കുറിപ്പിൽ ജാർകിഹോളിയുടെ പേരെഴുതുമെന്നും പുറത്തുവിട്ട പുതിയ വിഡിയോയിൽ യുവതി വ്യക്തമാക്കി. ലൈംഗികമായി ഉപയോഗിച്ചത് കൂടാതെ തന്നെയും കുടുംബത്തെയും മുൻ മന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറയുന്നു.
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 25കാരിയെ രമേശ് ജാർക്കിഹോളി പല തവണയായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങളും യുവതി പകർത്തി. യുവതിക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രവും കിടപ്പറ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പെൺകുട്ടി ബംഗളൂരു പൊലീസ് കമീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുബ്ബൺ പാർക്ക് പൊലീസ് ജാർകിഹോളിക്കെതിരെ കേസെടുത്തു. ഐ.പി.സി സെക്ഷൻ 376 സി, 354എ, 504, 506, 417, 67എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സുരക്ഷയിൽ ഭയമുണ്ടെന്നും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.