ജസ്വന്ത്, വീണുപോയ ഹനുമാൻ ; വളർന്നത് വാജ്പേയിയുടെ തണലിൽ
text_fieldsന്യൂഡൽഹി: അടൽ ബിഹാരി വാജ്പേയിയുടെ ഹനുമാനായിരുന്നു ജസ്വന്ത് സിങ്. അങ്ങനെ വിശേഷിപ്പിച്ചത് ജസ്വന്തിെൻറ മകൻ മാനവേന്ദ്ര തന്നെയാണ്. വാജ്പേയിയുമായുള്ള ബന്ധം പടർന്നു പന്തലിച്ചതിനൊപ്പം ബി.ജെ.പിയിലെ വടവൃക്ഷങ്ങളിലൊന്നായി ജസ്വന്തും മാറിയെന്ന് ജീവചരിത്രം തെളിയിക്കും. രാഷ്ട്രീയവും സാഹിത്യവും സല്ലാപവുമെല്ലാം പങ്കുവെച്ച സായാഹ്നങ്ങൾ മാത്രമല്ല, പല അധികാര പദവികളിലും ജസ്വന്തിനെ വാജ്പേയി കുടിയിരുത്തി. പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി എന്നിങ്ങനെ വാജ്പേയി മന്ത്രിസഭയിൽ നിർണായക പദവികൾ വഹിച്ച തലപ്പൊക്കമായിരുന്നു ബി.ജെ.പിയിൽ അദ്ദേഹത്തിന്. പക്ഷേ, ഒടുവിൽ സംഭവിച്ചത്, പാർട്ടിയിൽ നിന്നുള്ള വൻവീഴ്ച. ചവിട്ടി പുറത്താക്കലിെൻറ മാനസികാഘാതം കൂടി അനുഭവിച്ച ആ മുൻസൈനികൻ കഴിഞ്ഞ ആറു വർഷമായി ഒന്നും അറിഞ്ഞില്ല. കുളിമുറിയിൽ നിന്ന് തെന്നിവീണത് അബോധാവസ്ഥയിലേക്കായിരുന്നു. ഓർമകളിലേക്ക് ഒരിക്കലും തിരിച്ചുവരാതിരുന്ന വൻവീഴ്ച.
ബി.െജ.പിയുടെ സ്ഥാപകാംഗമാണെങ്കിലും, വിവാദ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കാനൊന്നും ജസ്വന്ത് ഉണ്ടായിരുന്നില്ല. ആർ.എസ്.എസ് പശ്ചാത്തലത്തിലൂടെ ബി.ജെ.പിയിലെത്തിയ ആളല്ല അദ്ദേഹം. ഒരു മുൻസൈനികെൻറ മനോഭാവത്തോടെ ശരിയെന്നു തോന്നിയ ചിലതെങ്കിലും വിളിച്ചു പറയാൻ മടിച്ചില്ല. ഇന്ത്യ വിഭജനത്തിനു കാരണം ആരായിരുന്നുവെന്ന ചോദ്യത്തിന് ജിന്നയല്ല, നെഹ്റുവും വല്ലഭഭായി പട്ടേലുമായിരുന്നുവെന്ന ഉത്തരമായിരുന്നു ജസ്വന്തിേൻറത്. 'ജിന്ന: ഇന്ത്യയുടെ വിഭജനവും സ്വാതന്ത്ര്യവു'മെന്ന 2009ൽ പുറത്തിറങ്ങിയ തെൻറ പുസ്തകത്തിലൂടെയായിരുന്നു അദ്ദേഹം അത് പറഞ്ഞത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലെ കരടായി ജസ്വന്ത് മാറിയത് അതുകൊണ്ടു മാത്രമല്ല. 2002ൽ ഗുജറാത്തിൽ വംശീയ നരഹത്യ നടന്നപ്പോൾ മോദി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്പേയി നിർദേശിച്ചിരുന്നുവെന്ന് ജസ്വന്ത് തെൻറ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ആ പുസ്തകം ഗുജറാത്തിൽ നിരോധിക്കുക മാത്രമല്ല അക്കാലത്ത് സംഭവിച്ചത്. ജസ്വന്തിനെ ബി.ജെ.പിയിൽ നിരോധിക്കുക കൂടിയായിരുന്നു.
ജിന്ന വിവാദത്തിൽ കുടുങ്ങിയ അദ്വാനിയെ പിന്തുണച്ചു രക്ഷിക്കുക കൂടിയായിരുന്നു തെൻറ പുസ്തകത്തിലൂടെ അദ്ദേഹം ചെയ്തത്. എന്നാൽ, മോദി നിയന്ത്രണമേറ്റ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിക്കപ്പെട്ടപ്പോൾ അദ്വാനി അടക്കമുള്ളവർ പിന്തുണക്കെത്തുമെന്ന് ജസ്വന്ത് കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല. കാന്തഹാറിലേക്ക് തട്ടിക്കൊണ്ടുപോയ എയർ ഇന്ത്യ വിമാനവും ബന്ദികളെയും മോചിപ്പിക്കുന്നതിന് മസ്ഹൂദ് അസ്ഹറിനെ വിട്ടുകൊടുത്ത് ഭീകരതക്ക് വളംവെച്ചുവെന്ന പഴിയും പാപഭാരമായി അവസാനകാലം വരെ ചുമക്കേണ്ടി വന്നു ജസ്വന്തിന്.
ലോക്സഭയിലും രാജ്യസഭയിലുമായി ഒമ്പതുവട്ടം പാർലമെൻറിലെത്തിയ തനിക്ക് സീറ്റു നിഷേധിച്ചപ്പോൾ സ്വന്തം തട്ടകമായ രാജസ്ഥാനിലെ ബാർമറിൽ സ്വതന്ത്രനായി മത്സരിക്കാനും തീരുമാനിച്ചു. ജസ്വന്തിനെ വെട്ടാൻ അവിടെ മെറ്റാരു മുൻസൈനികനെയാണ് ബി.ജെ.പി നിയോഗിച്ചത്.
നാലു ലക്ഷത്തിൽപരം വോട്ടു പിടിച്ച് കോൺഗ്രസിനെ പിന്തള്ളി രണ്ടാമതെത്തിയെങ്കിലും ബി.ജെ.പിയുടെ കേണൽ സോണാറാം ചൗധരിക്കായിരുന്നു ജയം. അത് മേയ് മാസത്തിൽ. പിന്നൊരു മൂന്നു മാസം തികയും മുേമ്പയായിരുന്നു കുളിമുറിയിലെ വൻവീഴ്ച; നീണ്ട ആറു വർഷത്തെ അബോധാവസ്ഥയിലേക്ക്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.