ജാട്ട് പ്രക്ഷോഭം മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാർ നടത്താനിരുന്ന അനിശ്ചിതകാല സമരം 15 ദിവത്തേക്ക് മാറ്റിവെച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി സമരസമിതി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരത്തിനാണ് ജാട്ട് വിഭാഗം തീരുമാനിച്ചിരുന്നത്.
ചർച്ചയിൽ സമരക്കാരുടെ പത്ത് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായാണ് റിപ്പോർട്ട്. ആൾ ഇന്ത്യ ജാട്ട് ആക്ഷൻ സംഘർഷ സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഭാവി പരിപാടികളുടെ ചര്ച്ചക്കായി മാര്ച്ച് 26ന് യോഗം ചേരുമെന്ന് ജാട്ട് നേതാവ് യെശ്പാല് മാലിക്ക് അറിയിച്ചു.
30 പേരുടെ മരണത്തിനും, വ്യാപക നാശനഷ്ടങ്ങള്‍ക്കും കാരണമായ വന്‍ പ്രക്ഷോഭം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴാണ് സമാന സാഹചര്യത്തിലേക്ക് നീങ്ങാവുന്ന സമരത്തിന് ജാട്ടുകള്‍ ആഹ്വാനം ചെയ്തത്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ദേശീയ, സംസ്ഥാന പാതകള്‍, റെയില്‍വേ, മെട്രോ ലൈനുകള്‍ എന്നിവ ഉപരോധിക്കാനായിരുന്നു തീരുമാനം.
സമരത്തിന് മുന്നോടിയായി ഇന്ന് ഹരിയാനയിലെ റോഹ്ത്തക് ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ചിലയിടങ്ങളില്‍ പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. ഉച്ചക്ക് ശേഷം എൻ.സി.ആർ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.