ജാവേദ് മുഹമ്മദിന്‍റെ തകർക്കപ്പെട്ട വീട്ടിൽ ദേശീയ പതാക ഉയർത്തി കുടുംബം
text_fieldsജാവേദ് മുഹമ്മദും മകൾ അഫ്രീൻ ഫാത്തിമയും, വീടിന്‍റെ അവശിഷ്ടങ്ങളിൽ ദേശീയ പതാക ഉയർത്തിയപ്പോൾ
ന്യൂഡൽഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചുവെന്ന പേരിൽ ബി.ജെ.പി ഭരണകൂടം പൊളിച്ച വീടിന്‍റെ അവശിഷ്ടങ്ങളിൽ ദേശീയ പതാക ഉയർത്തി വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ കാമ്പയിന്‍റെ ഭാഗമായാണ് ദേശീയ പതാക ഉയർത്തിയത്. 'ബുൾഡോസറുകൾ വീടുകൾ തകർത്താൽ പിന്നെ തങ്ങളെവിടെ ദേശീയപതാക ഉയർത്തു'മെന്ന് തലക്കെട്ടോടെയാണ് ദേശീയപതാകയുടെ ചിത്രം ട്വീറ്റ് ചെയ്തത്.
പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജൂണ്‍ 12നാണ് വീട് പ്രയാഗ്രാജ് വികസന അതോറിറ്റി പൊളിച്ചുനീക്കിയത്. ഭാര്യ ഫാത്തിമയെയും ഇളയ മകൾ സുമയ്യയെയും 30 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വെച്ച ശേഷമായിരുന്നു വീട് തകർത്തത്.
വീട് നിർമാണത്തിനുള്ള പ്ലാനിന് അനുമതി നൽകിയിട്ടില്ലെന്ന അതോറിറ്റിയുടെ ആരോപണം. 20 വർഷത്തോളമായി നികുതി അടച്ചു കൊണ്ടിരിക്കുന്ന വീടാണ് യു.പി പൊലീസ് നിയമവിരുദ്ധമെന്ന് പറഞ്ഞ് പൊളിച്ചതെന്ന് ഫാത്തിമയും ഇവരുടെ മകൾ ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയായ അഫ്രീൻ ഫാത്തിമയും വ്യക്തമാക്കിയിരുന്നു.
ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ ജാവേദ് മുഹമ്മദിന്‍റെ ഭാര്യ പർവീൻ ഫാത്തിമ അലഹാബാദ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി തകർത്ത പ്രയാഗ്രാജിലെ വീട് പുനർനിർമിച്ചു നൽകണമെന്നും അതുവരെ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വീട് ഒരുക്കി തരണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.
പിതാവ് തനിക്ക് സമ്മാനിച്ച വീട് തകർത്തത് മൂലമുണ്ടായ നഷ്ടത്തിനും അന്തസിടിച്ചതിനും നഷ്ടപരിഹാരം നൽകണമെന്നും നിയമവിരുദ്ധ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.