ജയലളിത എഴുതിയ ഭക്ഷണവിവര പട്ടികയും ആശുപത്രിയിലെ ശബ്ദരേഖയും പുറത്ത്
text_fieldsചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിത എഴുതിയ ഭക്ഷണവിവര പട്ടികയും അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ സംസാരിച്ചതിെൻറ ശബ്ദരേഖയും പുറത്ത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് ആറുമുഖച്ചാമിയുടെ നേതൃത്വത്തിലുള്ള ഏകാംഗ ജുഡീഷ്യൽ കമീഷന് മുമ്പാകെ ശനിയാഴ്ച നടന്ന ക്രോസ്വിസ്താരത്തിനിടെ കുടുംബ ഡോക്ടറായ ശിവകുമാറാണ് ശബ്ദരേഖ അടങ്ങിയ പെൻഡ്രൈവും ഭക്ഷണവിവര പട്ടികയും സമർപ്പിച്ചത്. ഇക്കാര്യം ശശികലയുടെ അഭിഭാഷകനായ രാജ സെന്തൂരപാണ്ഡ്യനാണ് മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
2016 സെപ്റ്റംബർ 22നാണ് പനിയും നിർജലീകരണവുംമൂലം ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 75 ദിവസത്തിനുശേഷം ഡിസംബർ അഞ്ചിന് അന്ത്യം സംഭവിച്ചു. സെപ്റ്റംബർ 27ന് ഡോ. അർച്ചനയുമായി ജയലളിത സംസാരിക്കുന്ന 52 സെക്കൻഡുള്ള സംഭാഷണമാണ് പുറത്തായത്. ശ്വാസതടസ്സംമൂലം ചുമച്ചുെകാണ്ട് ഏറെ വിഷമിച്ചാണ് ജയലളിത സംസാരിക്കുന്നത്. രക്തസമ്മർദത്തിെൻറ അളവ് ജയലളിത ചോദിച്ചപ്പോൾ ഡോ. അർച്ചന 140/80 ആണെന്ന് മറുപടി പറഞ്ഞു.
‘ഇറ്റ് ഇൗസ് ഒാകെ ഫോർ മി’ എന്നായിരുന്നു ജയലളിതയുടെ മറുപടി. തിയറ്ററിൽ ആദ്യവരിയിൽ ഇരിക്കുന്ന ആരാധകൻ വിസിലടിക്കുന്നതുപോലെയാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നതെന്നും രക്തം എടുക്കാൻ കഴിയുന്നില്ലെങ്കിൽ വെറുതെവിടണമെന്നും ജയലളിത പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനുമുമ്പ് 2016 ആഗസ്റ്റ് രണ്ടിന് ജയലളിത എഴുതിയ ഭക്ഷണവിവര പട്ടികയിൽ തെൻറ ശരീരഭാരം 106.9 കിലോയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് സമയത്ത് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സ്ഥാനാർഥിയായ ടി.ടി.വി. ദിനകരനെതിരെ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ ജയലളിത ആശുപത്രി കിടക്കയിൽ ജ്യൂസ് കുടിക്കുന്ന വിഡിയോ ക്ലിപ്പിങ് വെറ്റിവേൽ എം.എൽ.എ പുറത്തുവിട്ടത് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു.
പുറത്തുവിട്ടതിനു പിന്നിൽ ശശികല കുടുംബം
ചെന്നൈ: ജയലളിതയുടെ ശബ്ദരേഖയും ഭക്ഷണ വിവരപ്പട്ടികയും പുറത്തുവിട്ടതിനുപിന്നിൽ ശശികല കുടുംബത്തിെൻറ താൽപര്യം. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികല കുടുംബത്തിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. ജയലളിതയുടെ ആരോഗ്യനിലയും ലഭ്യമാക്കുന്ന ചികിത്സസംബന്ധിച്ചും സംസ്ഥാന സർക്കാറും ആശുപത്രി അധികൃതരും മെഡിക്കൽ ബുള്ളറ്റിനുകൾ പുറത്തുവിട്ടിരുന്നുവെങ്കിലും ശശികല കുടുംബത്തെ സംശയത്തിെൻറ നിഴലിലാക്കിയ കിംവദന്തികളാണ് ഉയർന്നിരുന്നത്.
ഇൗ സാഹചര്യത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ശബ്ദരേഖയും ഭക്ഷണ വിവര പ്പട്ടികയും കമീഷനു മുമ്പാകെ സമർപ്പിക്കേണ്ടിവന്നതെന്ന് ശശികലയുടെ അഭിഭാഷകനായ രാജ സെന്തൂരപാണ്ഡ്യൻ അറിയിച്ചു. പോയസ് ഗാർഡൻ വസതിയിൽ തോഴിയായിരുന്ന ശശികലയാണ് ജയലളിതയെ പരിചരിച്ചിരുന്നത്.
പ്രമേഹത്തിെൻറ അളവ് കൂട്ടുന്നവിധത്തിലുള്ള ഭക്ഷണമാണ് നൽകിയതെന്നും ജയലളിതയെ താെഴ തള്ളിയിട്ട് അപകടപ്പെടുത്തിയതായും ശശികലക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ പ്രമേഹത്തിെൻറ അളവ് പരിശോധിച്ച് ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തിയിരുന്നത് ജയലളിത തന്നെയായിരുന്നുവെന്ന് രേഖ തെളിയിക്കുന്നതായി അഭിഭാഷകൻ വ്യക്തമാക്കി.
ശ്വാസതടസ്സം ഉണ്ടാവുന്ന സമയത്ത് അപ്പോളോ ആശുപത്രിയിലെ ഡോ. നരസിമ്മെൻറ നിർദേശാനുസരണം ജയലളിതയുടെ അറിവോടെയാണ് ശബ്ദം റെക്കോഡ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.