സത്യപ്രതിജ്ഞ ചെയ്യാൻ പോലും കഴിയാത്ത വിധം അവശയായിരുന്നു ജയലളിത- ചികിത്സിച്ച ഡോക്ടർ
text_fieldsചെന്നൈ: 2016ല്‍ സത്യപ്രതിജ്ഞ ചടങ്ങിന് എഴുന്നേറ്റ് നിൽക്കാൻ പോലും ആവാത്ത വിധം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അവശയായിരുന്നെന്ന് ചികിത്സിച്ച ഡോക്ടര്‍ ബാബുമനോഹര്‍. ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമീഷനോടാണ് ഡോക്ടർ വിവരങ്ങൾ വെളിപ്പെടുത്തിയത്.
2016ല്‍ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോള്‍ തന്നെ ജയലളിതയുടെ ആരോഗ്യാവസ്ഥ ഏറെ മോശമായിരുന്നു. കടുത്ത തലവേദന അലട്ടിയിരുന്നു. ചില സമയത്ത് എഴുന്നേറ്റു നിൽക്കാന്‍ പോലും ആകുമായിരുന്നില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും പരസഹായം ആവശ്യമായിരുന്നുവെന്നും അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ ബാബുമനോഹർ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ വിശ്രമം അത്യാവശ്യമാണെന്ന് ജയലളിതയെ അറിയിച്ചിരുന്നു. എന്നാല്‍ പതിനാറു മണിക്കൂറോളം തുടര്‍ച്ചയായി ജോലിചെയ്തിരുന്ന ജയലളിത അത് പ്രയായോഗികമല്ലെന്ന് പറയുകയും വിശ്രമിക്കാന്‍ വിസമ്മതിച്ചിരുന്നതായും ജസ്റ്റിസ് അറുമുഖസ്വാമി കമീഷന് മുന്നിൽ ഡോക്ടര്‍ വിശദീകരിച്ചു.
മരിക്കുന്നതിന് തൊട്ടുമുൻപ് 75 ദിവസമാണ് അവർ ആശുപത്രിയിൽ കഴിഞ്ഞത്. ജയലളിതയുടെ ആശുപത്രി വാസത്തിലും മരണത്തിലും ദുരൂഹതയുണ്ടെന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അന്നത്തെ സർക്കാർ ജസ്റ്റിസ് എ അറുമുഖ സ്വാമി കമീഷനെ നിയോഗിച്ചത്. ജസ്റ്റിസ് അറുമുഖസ്വാമി കമീഷനെ അന്വേഷണത്തില്‍ സഹായിക്കാന്‍ എയിംസ് നിർദേശിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനലിനെയും ചുമതലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.