'അമ്മ'യുടെ ചിത്രമുള്ള ബാഗുകൾ മാറ്റേണ്ട; പുത്തൻ രാഷ്ട്രീയവുമായി സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്ക് അണ്ണാ ഡി.എം.കെ സർക്കാർ വിതരണം ചെയ്ത മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രമുള്ള ബാഗുകൾ മാറ്റേണ്ടതില്ലെന്ന് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ബാഗുകൾ മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കുന്ന തുക വിദ്യാർഥികളുടെ ഉന്നമനത്തിന് ഉതകുന്ന മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും സ്റ്റാലിൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി.
ജയലളിതയുടെയും മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമിയുടെയും ചിത്രങ്ങളാണ് അണ്ണാ ഡി.എം.കെ. സർക്കാർ സ്കൂൾ ബാഗുകളിൽ പതിച്ചിരുന്നത്. ഇത്തരത്തിലുള്ള 65 ലക്ഷത്തോളം ബാഗുകളാണ് എടപ്പാടി സർക്കാർ സ്കൂൾ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തത്. പുതിയ തീരുമാനം വഴി 14 കോടി രൂപയാണ് വിദ്യാർഥികളുടെ ഉന്നമന പദ്ധതികൾക്കായി സർക്കാറിന് വിനിയോഗിക്കാൻ സാധിക്കുക.
സർക്കാർ മാറുന്നതിന് അനുസരിച്ച് അതാതു രാഷ്ട്രീയപാർട്ടികൾ താൽപര്യമുള്ളവരുടെ പേരുകളും ചിത്രങ്ങളും വെച്ച് പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുക തമിഴ്നാട് രാഷ്ട്രീയത്തിൽ സാധാരണ കണ്ടുവരുന്ന കാര്യങ്ങളാണ്. ഇതുപ്രകാരം ഖജനാവിലെ പണം ഉപയോഗിച്ച് ജയലളിത, കരുണാനിധി, അണ്ണാദുരൈ, എം.ജി.ആർ അടക്കമുള്ള ജനസ്വാധീനമുള്ള നേതാക്കളുടെ ചിത്രങ്ങൾ പതിച്ച സമ്മാനങ്ങളും സാധനങ്ങളും മുൻ കാലങ്ങളിൽ അണ്ണാ ഡി.എം.കെയും ഡി.എം.കെയും വിതരണം ചെയ്യാറുണ്ട്.
ഈ കീഴ്വഴക്കത്തിനാണ് സ്റ്റാലിൻ മുഖ്യമന്ത്രി പദത്തിൽ എത്തിയതോടെ മാറ്റം വരുത്തുന്നത്. എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടു സംസ്ഥാന ഭരണം മുന്നോട്ടു കൊണ്ടു പോവുക എന്ന മാതൃകയാണ് സ്റ്റാലിൻ സ്വീകരിക്കുന്നത്. ജയലളിതയുടെ ചിത്രങ്ങൾ മാറ്റേണ്ടെന്ന ഡി.എം.കെ സർക്കാറിന്‍റെ തീരുമാനത്തെ അണ്ണാ ഡി.എം.കെ നേതാക്കൾ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.