ജയലളിതയുടെ സ്വത്തവകാശികൾ ദീപയും ദീപക്കും
text_fieldsചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മുഴുവൻ സ്വത്തുക്കളുടെയും നിയമപ്രകാരമുള്ള അവകാശികൾ രണ്ടാം തലമുറയിൽപെട്ട ജ്യേഷ്ഠെൻറ മക്കളായ ജെ. ദീപ, ജെ. ദീപക് എന്നിവരാണെന്ന് മദ്രാസ് ഹൈകോടതി. ഇവരുടെ സമ്മതമില്ലാതെ ജയലളിതയുടെ പോയസ്ഗാർഡനിലെ വേദനിലയം ബംഗ്ലാവ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2017 ആഗസ്റ്റിലാണ് വേദനിലം ‘അമ്മ സ്മാരക’മാക്കി മാറ്റുമെന്ന് അണ്ണാ ഡി.എം.കെ സർക്കാർ പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മേയ് 22ന് സർക്കാർ ഒാർഡിനൻസും പാസാക്കി.
സ്വകാര്യ സ്വത്ത് കൈക്കലാക്കാനും പൊതുസ്വത്ത് ഉപയോഗിക്കുന്ന സർക്കാറിെൻറ രീതികളോടും ജസ്റ്റിസുമാരായ എൻ.കൃപാകരൻ, അബ്ദുൽ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എതിർപ്പ് പ്രകടിപ്പിച്ചു.
ജയലളിതയുടെ യഥാർഥ സ്വത്തവകാശികൾ തങ്ങളാണെന്ന് പറഞ്ഞ് ജ്യേഷ്ഠൻ പരേതനായ ജയകുമാറിെൻറ മക്കളായ ദീപയും ദീപക്കും ൈഹകോടതിയെ സമീപിക്കുകയായിരുന്നു. വേദനിലയം വിട്ടുകിട്ടുന്നതിന് കോടികൾ നഷ്ടപരിഹാരമായി നൽകാമെന്ന തമിഴ്നാട് സർക്കാറിെൻറ നിലപാടിനെയും കോടതി വിമർശിച്ചു. ഇൗ ഫണ്ട് കുടിവെള്ളവിതരണം പോലുള്ള ജനോപകാര പദ്ധതികൾക്കായി വിനിയോഗിക്കുകയാണ് വേണ്ടതെന്നും കോടതി സർക്കാറിനെ ഒാർമിപ്പിച്ചു. മരിച്ച മുഖ്യമന്ത്രിമാരുടെ വസതികൾ സ്മാരകങ്ങളാക്കാൻ സർക്കാറുകൾ തീരുമാനമെടുക്കുന്നത് തുടർക്കഥയാവുമെന്നും കോടതി പറഞ്ഞു. ജനക്ഷേമത്തിന് പ്രാമുഖ്യം നൽകുന്നതാണ് നേതാവിനോടുള്ള ആദരവ് പ്രകടമാക്കാൻ ചെയ്യേണ്ടത്. ആവശ്യമെങ്കിൽ വേദനിലയത്തിെൻറ ഒരു ഭാഗം സ്മാരകമാക്കുന്നതും ബാക്കി ഭാഗം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയാക്കുന്നതും പരിഗണിക്കാവുന്നതാണ്.
അതേസമയം സ്വത്തുക്കളിൽ ചിലത് ഉപയോഗപ്പെടുത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപവത്കരിക്കാനും ഇതുസംബന്ധിച്ച് എട്ടാഴ്ചക്കകം മറുപടി നൽകാനും കോടതി അവകാശികളോട് ആവശ്യപ്പെട്ടു. ദീപക്കിനും ദീപക്കും 24 മണിക്കൂർ പൊലീസ് സുരക്ഷ ഏർപ്പെടുത്താനും ഇതിെൻറ ചെലവിനായി ജയലളിതയുടെ ഏതെങ്കിലും സ്വത്തുക്കളിലൊന്ന് വിറ്റ് ബാങ്കിൽ നിക്ഷേപിച്ച് പലിശ പണം സുരക്ഷ ചെലവിനായി കൈമാറാനും കോടതി ഉത്തരവിട്ടു. 24,000 ചതുരശ്ര അടി വിസ്തീർണമുള്ള വേദനിലയം ബംഗ്ലാവിന് മാത്രം നൂറുകോടിയിലധികം രൂപ മതിപ്പ് വില വരും.
അവർ ഇനി കോടിപതികൾ; ദീപക്ക് ഇത് മധുരമായ പകരംവീട്ടൽ
ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ അധീനതയിലുണ്ടായിരുന്ന കോടികളുടെ സ്വത്തുവകകൾ ഇനി ദീപക്കിനും ദീപക്കും സ്വന്തം. സ്വത്തുക്കൾ കൈമാറുന്നതുമായി ബന്ധെപ്പട്ട് ജയലളിത ഒസ്യത്ത് എഴുതിവെച്ചിരുന്നില്ല. എന്നാൽ, സ്വത്തുക്കളുടെ മതിപ്പ് വില 913 കോടി രൂപയാണെന്നാണ് ഒൗദ്യോഗിക കണക്കെങ്കിലും ഇതിെൻറ വിപണി വില പതിന്മടങ്ങ് വരും.
ചെന്നൈ പോയസ് ഗാർഡനിലെ വേദനിലയംവീട്- 100 കോടി, നീലഗിരി കോത്തഗിരിക്ക് സമീപം 900 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കോടനാട് എസ്റ്റേറ്റും ജയലളിതയുടെ വേനൽകാല വസതിയായ ബംഗ്ലാവും, ചെന്നൈ - പുതുച്ചേരി ഒ.എം.ആർ റോഡിൽ 67 ഏക്കർ ഭൂമിയും 50 മുറികളുമുള്ള സിരുതാവൂർ ബംഗ്ലാവ്, ആന്ധ്രപ്രദേശിൽ ജെഡിമെറ്റ്ല വില്ലേജിൽ വിന്യയാർഡിലെയും മാണ്ഡലിന്സമീപം പെറ്റ് ബഷീർബാദിലെയും രണ്ട് ഫാം ഹൗസുകൾ, ചെന്നൈയിൽ നിന്ന് 30 കി.മീ ദൂരം 22 ഏക്കറിലെ പയ്യന്നൂർ ബംഗ്ളാവ് എന്നിവയാണ് ജയലളിതയുടെ പേരിലുള്ള സ്വത്തുക്കൾ.
ജയലളിതയുടെ സഹോദരൻ പരേതനായ ജയകുമാറിെൻറ മക്കളാണ് ദീപക്കും ദീപയും. ജയലളിതയുടെ അന്ത്യകർമ ചടങ്ങിൽ ദീപക് പെങ്കടുത്തിരുന്നു. അതേസമയം ദീപയെ അണ്ണാ ഡി.എം.കെ നേതൃത്വവും ശശികല കുടുംബവും മാറ്റി നിർത്തിയിരുന്നു. ജയലളിത അേപ്പാളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വേളയിൽ ദീപയ്ക്ക് പ്രവേശനാനുമതി നൽകിയില്ല.
മരണശേഷം പോയസ് ഗാർഡൻ വസതിയിലെത്തിയ ദീപയെ അംഗരക്ഷകരും ശശികല കുടുംബവുമായി ബന്ധപ്പെട്ടവരും തടഞ്ഞത് വിവാദമായിരുന്നു. നിലവിൽ ഇതേ പോയസ് ഗാർഡെൻറ ഉടമസ്ഥാവകാശം ദീപയ്ക്ക് പതിച്ചുനൽകിയത് മധുരമായ പകരംവീട്ടലായി. ശശികലയാകട്ടെ അവിഹിത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു ജയിലിൽ ശിക്ഷയനുഭവിക്കുകയും ചെയ്യുന്നു.
ജയലളിതയുടെ മരണത്തിനുശേഷം ദീപ ‘എം.ജി.ആർ അമ്മ ദീപ പേരവൈ’ എന്ന പാർട്ടി രൂപവത്കരിച്ചെങ്കിലും ക്ലച്ച് പിടിച്ചില്ല. പിന്നീട് രാഷ്ട്രീയം അവസാനിപ്പിച്ചതായും തെൻറ പാർട്ടിയെ അണ്ണാ ഡി.എം.കെയിൽ ലയിപ്പിച്ചതായും അവർ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളാണ് ഇതിന് കാരണമായി അവർ അറിയിച്ചിരുന്നത്.
കോടതിവിധി വന്നശേഷം പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോട് ‘ വെയ്റ്റ് ആൻഡ് സീ’ എന്നായിരുന്നു മറുപടി. വിധി പഠിച്ചശേഷം കാണാമെന്നും അവർ അറിയിച്ചു. ദീപക്കിനും ദീപയ്ക്കും 24 മണിക്കൂർ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും മദ്രാസ് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.