ആശുപത്രിയിലെത്തുമ്പോൾ ജയലളിത അർധബോധാവാസ്ഥയിലെന്ന് മെഡിക്കൽ റിപ്പോർട്ട്
text_fieldsചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോൾ അർധബോധാവസ്ഥയിലായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. ശ്വാസതടസ്സമുണ്ടായിരുന്നുവെങ്കിലും ജയലളിതക്ക് സംസാരിക്കാൻ കഴിയുമായിരുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക മാധമങ്ങളാണ് മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ജയലളിതക്ക് ന്യുമോണിയ ബാധിച്ചിരുന്നുവെന്നും അതിനാൽ രക്തസമ്മർദ്ദം, പ്രമേഹം എന്നിവയെല്ലാം കൂടിയ നിലയിലായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അപ്പോളോ ആശുപത്രി അധികൃതർ വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
ജയലളിതയുടെ മരണത്തെക്കുറിച്ച് ഉയർന്നുവന്ന ഗൂഢാലോചന വാദങ്ങൾക്കിടയിലാണ് റിപ്പോർട്ട് പുറത്തുവന്നത്. കഴിഞ്ഞ ആഴ്ചയാണ് ഭരണകക്ഷി അംഗങ്ങൾ തന്നെ അമ്മയുടെ മരണത്തെക്കുറിച്ച് സംശയമുന്നയിച്ചത്. ജയലളിതയെ ആശുപത്രിയിൽ സന്ദർശിക്കാൻ അനുവദിക്കാത്തതിനെക്കുറിച്ചും നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
റിട്ടേയർഡ് ജഡ്ജി അറുമുഖസ്വാമിയാണ് കമ്മീഷനായി നിയമിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിതയുട മരണത്തെക്കുറിച്ച് ആദ്യം സംശയമുന്നയിച്ച് രംഗത്തെത്തിയത് ഡെപ്യൂട്ടി മുഖ്യമന്ത്രിയായ ഒ.പന്നീർസെൽവമാണ്.
ഒ.പി.എസ്-ഇ.പി.എസ് പക്ഷങ്ങളുടെ ലയനത്തിന് ശേഷം അന്വേഷണകമ്മീഷനെ നിയോഗിച്ചത് ശശികലയെ ലക്ഷ്യം വെച്ചാണെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ജയലളിതയെ സന്ദർശിക്കാൻ അനുവാദമുളള ഏകവ്യക്തി ശശികല മാത്രമായിരുന്നു.
ജയലളിത ഇഡ്ഢലി കഴിക്കുന്നത് കണ്ടു എന്ന് താൻ പറഞ്ഞത് നുണയാണെന്നും ഇതിന് താൻ പാർട്ടി അംഗങ്ങളോട് മാപ്പ് പറയുന്നുവെന്നും വനംമന്ത്രി ദിണ്ടിഗൽ ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.